മലയാള പ്രേക്ഷകർക്ക് മറക്കാൻ പറ്റാത്ത ചിത്രമായിരുന്നു ബിഗ് ബി . മലയാള സിനിമ അന്ന് വരെ കാണാത്ത പുതുമയും വ്യത്യസ്തതയും ഉള്ള മേക്കിംഗുമായി അമൽ നീരദിന്റെ ബിഗ് ബി റിലീസാവുന്നു . മേക്കിംഗിലെ പുതുമ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മെഗാ സ്റ്റാർ മമ്മൂട്ടിയുടെ അഭിനയത്തിലും പ്രകടമായിരുന്നു , മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു മമ്മൂട്ടി . നോക്കിലും വാക്കിലും നടപ്പിലും സംസാരത്തിലും എന്ന് വേണ്ട അടിമുടി വ്യത്യസ്തമായ മറ്റൊരു മമ്മൂട്ടി . ഇമയനക്കാതെയുള്ള ഒരു പ്രത്യേക രീതിയിൽ ഉള്ള മമ്മൂട്ടിയുടെ അഭിനയം നിരൂപക പ്രശംസ പിടിച്ചു പറ്റി . പ്രശസ്ത സാഹിത്യകാരൻ ഉണ്ണി . ആർ . എഴുതിയ ഓരോ വൺ ലൈൻ ഡയലോഗുകളും തീയറ്ററുകളിൽ ആരവമുയർത്തി.

ചിത്രം റിലീസ് ചെയ്ത പതിനഞ്ച് വർഷങ്ങൾ പിന്നിടുമ്പോൾ സിനിമയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകവും ആരാധകരും. മൂന്ന് വർഷങ്ങൾക്ക് മുമ്പ് ബിലാൽ എന്നപേരിൽ അമൽ നീരദ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചെങ്കിലും കോവിഡ് പ്രതിസന്ധി മൂലം ചിത്രം നീണ്ടുപോകുകയായിരുന്നു. എന്തിരുന്നാലും അധികം വൈകാതെതന്നെ ബിലാലിനെ വീണ്ടും സ്ക്രീനിൽ കാണാൻ സാധിക്കും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് സിനിമാലോകം.

തോക്ക് ചൂണ്ടി ഉച്ചത്തിൽ ഗിരി പ്രഭാഷണം നടത്തുന്ന തന്തക്ക് പിറന്ന നായകരെ തട്ടി നടക്കാൻ പറ്റാത്ത മലയാള സിനിമയിൽ ഒരു വ്യത്യസ്ത സംരംഭമായിരുന്നു ബിഗ് ബി.ദത്തെടുക്കപെട്ട വ്യത്യസ്ത മതവിഭാഗത്തിൽ പെട്ട നാല് മക്കൾ തങ്ങളെ വളർത്തി വലുതാക്കിയ അമ്മയുടെ കൊലപാതകികളോട് പ്രതികാരം ചെയ്യുന്നതാണ് ബിഗ് ബിയുടെ ഇതിവൃത്തം : മമ്മൂട്ടിയോടൊപ്പം മനോജ് കെ.ജയൻ , ബാല , വിനായകൻ , മംമ്ത , ലെന തുടങ്ങിയ വൻ താര നിര ഈ ചിത്രത്തിൽ അണിനിരക്കുന്നു . പ്രധാന വില്ലൻ കഥാപാത്രമായ സായിപ്പ് ടോണിയെ അവതരിപ്പിച്ച ബോളിവുഡ് താരം ഷെർവീർ വക്കിൽ തന്റെ മാനറിസങ്ങൾ കൊണ്ടും ആറ്റിറ്റ്യൂഡ് കൊണ്ടും ശ്രദ്ധ നേടി കഴിഞ്ഞിരിക്കുന്നു.