ഉല്ലാസപ്പൂത്തിരികള്‍ കണ്ണിലണിഞ്ഞവളേ ഉന്മാദ തേനലകള്‍ ചുണ്ടിലണിഞ്ഞവളേ’. ഈ പാട്ട് കേള്‍ക്കുമ്പോള്‍ പലരുടേയും മനസ്സില്‍ ആദ്യം ഓടിയെത്തുന്ന മുഖം അനശ്വര നടന്‍ ജയന്റേത് ആയിരിക്കും. ഒരു പക്ഷെ മിക്ക സിനിമ പ്രേക്ഷകരും ഇപ്പോഴും കരുതിയിരിക്കുന്നത് ഈ ഗാന രംഗത്ത് അഭിനയിച്ചിരിക്കുന്നത് ജയനും സീമയും ആണ് എന്നാണ്. നാല്‍പത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ മീന്‍ എന്ന സിനിമയിലെ ഗാനമാണിത്. ജയനെ ജനപ്രിയനാക്കിയ സിനിമ കൂടിയായിരുന്നു മീന്‍. എന്നാല്‍ ഈ ഗാനരംഗത്ത് എത്തിയവര്‍ ഇവരായിരുന്നില്ല. കൈയില്‍ ഒരു ഗിത്താറുമായി മൈക്കിന്റെ മുന്നില്‍ നിന്ന് സദസ്സിനെ നോക്കി ഉല്ലാസപ്പൂത്തിരികള്‍ പാടി അഭിനയിക്കുന്നത് ജോസ് എന്ന നടനാണ്.


പാട്ടിലെത്തിയ ജോസ് എന്ന നടന്‍ അക്കാലത്ത് അറിയപ്പെട്ടത് റൊമാന്റിക ഹീറോ എന്ന ലേബലില്‍ ആയിരുന്നു. രാമുകാര്യാട്ട് സംവിധാനം ചെയ്ത ദ്വീപ് എന്ന സിനിമയില്‍ നായകനായി അഭിനയിച്ചുകൊണ്ടാണ് ജോസ് മലയാള സിനിമയിലേക്ക് തുടക്കം കുറിക്കുന്നത്. ശോഭയാണ് സിനിമയില്‍ നായികയായി എത്തിയത്. സിനിമയും സിനിമയിലെ പ്രധാന കഥാപാത്രങ്ങളും വലിയ പ്രേക്ഷക ശ്രദ്ധ നേടി.എഴുപത്തിയേഴ് മുതല്‍ എണ്‍പത്തിയഞ്ച് വരെയുള്ള കാലം ജോസിന്റെ മുഖം നിരവധി സിനിമകളില്‍ പ്രേക്ഷകര്‍ കണ്ടു. കൂടുതലും റൊമാന്റിക് പരിവേഷമുള്ള വേഷങ്ങളാണ് നടനെ തേടിയെത്തിയത്.


എന്നാല്‍ ആ ഒരു കാലത്തിന് ശേഷം നടന് സിനിമയില്‍ അവസരങ്ങള്‍ കുറയുകയാണ് ഉണ്ടായത്. പിന്നീട് ചെറിയ കഥാപാത്രങ്ങളിലേക്ക് ജോസ് എന്ന നടന്‍ ഒതുങ്ങുകയായിരുന്നു.വലിയൊരു ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സലാല മൊബൈല്‍സ് സിനിമയിലും ജോസ് അഭിനയിച്ചു. ചായപെന്‍സില്‍ എന്ന സിനിമയിലും ജോസ് കഴിഞ്ഞ വര്‍ഷം അഭിനയിച്ചു. സൂസന്‍ ജോസ് ആണ് നടന്റെ ഭാര്യ. മകള്‍ പ്രണതി അഭിനേതാവാണ്. ടെലിവിഷന്‍ സീരിയലുകളിലും ജോസ് സജീവമാണ്.