1980കളില്‍ അമിതാഭ് ബച്ചനെ നായകനാക്കി കാലിയ, ഷെഹൻഷാ തുടങ്ങിയ ജനപ്രിയ സിനിമകള്‍ നിര്‍മ്മിച്ച വ്യക്തിയാണ് ടിന്നു ആനന്ദ്. 1989ല്‍ അമിതാഭ് ബച്ചനെയും മാധുരി ദീക്ഷിതിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഷാനഖ്ത് എന്നൊരു ചിത്രം ഇദ്ദേഹം കരാര്‍ ചെയ്തു. അമിതാഭ് ബച്ചനും മാധുരി ദീക്ഷിതും ഒന്നിച്ച്‌ ആദ്യമായി സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നു എന്നതായിരുന്നു  ഈ ചിത്രത്തിന്റെ പ്രത്യേകത. തേസാബ്, രാം ലഖൻ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മാധുരി ദീക്ഷിത് താരപദവിയിലേക്ക് ഉയർന്നു വരുന്ന കാലമായിരുന്നു അത്. ആ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ സംഭവിച്ച ചില കാര്യങ്ങളെ കുറിച്ച്‌ ടിന്നു ആനന്ദ് ഒരു പ്രമുഖ റേഡിയോയ്ക്ക്  നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഷൂട്ടിന്റെ ആദ്യ ദിവസം തന്നെ, ചിത്രത്തില്‍ മാധുരി ദീക്ഷിതിന്റെ വസ്ത്ര ധാരണത്തെ ചൊല്ലി സംവിധായകനും മാധുരി ദീക്ഷിതും തമ്മില്‍ തര്‍ക്കമുണ്ടായി എന്നും ഒടുവില്‍ അത് മോശമായി അവസാനിച്ചുവെന്നും ടിന്നു ആനന്ദ് പറയുന്നു. മാധുരി ദീക്ഷിത് സ്ക്രീനില്‍ ഒരു ബ്രാ ധരിച്ച്‌ പ്രത്യക്ഷപ്പെടണമെന്ന് സംവിധായകൻ ആവശ്യപ്പെട്ടു, എന്നാല്‍ അതു തന്നെ കൊണ്ട് പറ്റില്ലെന്ന് മാധുരി ദീക്ഷിത് തീര്‍ത്തു പറഞ്ഞു. അമിതാഭ് ബച്ചനെ ചങ്ങലയില്‍ ബന്ധിച്ചിട്ടുള്ള ഒരു രംഗമായിരുന്നു ചിത്രീകരിക്കാൻ ഉദ്ദേശിച്ചതെന്നും ടിന്നു . “ആ രംഗത്തില്‍ അമിതാഭ് ബച്ചനെ വില്ലന്മാര്‍ ചങ്ങലയില്‍ ബന്ധിച്ചിരിക്കുന്നു. അദ്ദേഹം മാധുരി ദീക്ഷിതിനെ  സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. എന്നാല്‍ ഈ ഗുണ്ടകള്‍ അദ്ദേഹത്തെ കീഴടക്കുന്നു. അപ്പോള്‍ മാധുരി ദീക്ഷിതിന്റെ  കഥാപാത്രം പറയുന്നു, ഒരു സ്ത്രീ നിങ്ങളുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ നിങ്ങള്‍ എന്തിനാണ് ഒരു പുരുഷനെ ചങ്ങലകള്‍ കൊണ്ട് ആക്രമിക്കുന്നത് എന്ന്. മാധുരി ദീക്ഷിത് കരാറില്‍ ഒപ്പിടുന്നതിന് മുമ്പ് മുഴുവൻ സീനുകളും താരവുമായി സംസാരിച്ചിരുന്നുവെന്നും ടിന്നു ആനന്ദ് പറഞ്ഞു. “ഞാൻ മാധുരി ദീക്ഷിതിനോട് മുഴുവൻ സീക്വൻസും വിവരിച്ചിരുന്നു. നിങ്ങള്‍ ബ്ലൗസ് അഴിക്കണമെന്നും ബ്രായില്‍ നില്‍ക്കേണ്ടി വരുമെന്നും ഞാൻ അവരോട് പറഞ്ഞിരുന്നു. ഒരു വൈക്കോല്‍ കൂനയോ മറ്റെന്തെങ്കിലുമോ ഉപയോഗിച്ച്‌ ഞാൻ നിങ്ങളെ മറയ്ക്കാൻ പോകുന്നില്ല. കാരണം നിങ്ങളെ സഹായിക്കാൻ ശ്രമിക്കുന്ന ഒരു മനുഷ്യനെ സഹായിക്കാൻ നിങ്ങള്‍ സ്വയം ഓഫര്‍ ചെയ്യുന്നതാണ് രംഗം. അതിനാല്‍ ഇത് വളരെ പ്രധാനപ്പെട്ട ഒരു രംഗമാണ്, ആദ്യ ദിവസം തന്നെ ഇത് ഷൂട്ട് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞപ്പോൾ മാധുരി ഓകെ പറഞ്ഞു. നിങ്ങള്‍ക്ക് ഏതു തരത്തിലുള്ള ബ്രാ വേണമെങ്കിലും ഡിസൈൻ ചെയ്യാമെന്ന് ഞാൻ പറഞ്ഞു. നോര്‍മല്‍ ബ്രാ വേണമെന്നില്ല. നിങ്ങള്‍ക്ക് കംഫര്‍ട്ട് തോന്നുന്ന രീതിയില്‍ സ്വന്തമായി ബ്രാ ഡിസൈൻ ചെയ്യാം, എനിക്ക് പ്രശ്‌നമില്ല. പക്ഷേ അത് ഒരു ബ്രാ ആയിരിക്കണം, കാരണം നിങ്ങള്‍ ബ്ലൗസ് തുറന്ന് സ്വയം സമര്‍പ്പിക്കുകയാണ്,” മാധുരി ദീക്ഷിതിനോട് പറഞ്ഞ വാക്കുകള്‍ ടിന്നു ഓര്‍ത്തെടുത്തു. ഷൂട്ടിംഗിന്റെ ആദ്യ ദിവസം മാധുരി ദീക്ഷിത് സെറ്റിലേക്ക് വരുന്നതിനായി താൻ കാത്തിരിക്കുകയായിരുന്നുവെന്നും എന്നാല്‍ മുക്കാൽ മണിക്കൂറോളം കഴിഞ്ഞിട്ടും മാധുരി ദീക്ഷിത് മുറിയില്‍ നിന്നും പുറത്തു വരാതായപ്പോള്‍ എന്താണ് സംഭവിച്ചതെന്നു തിരക്കി താൻ ചെന്നെന്നും ടിന്നു പറയുന്നു. ” ഞാൻ ചെന്നപ്പോള്‍ മാധുരി ദീക്ഷിത് ഷൂട്ട് ചെയ്യാൻ തയ്യാറായിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് ഞാൻ ചോദിച്ചു.

 

അവള്‍ പറഞ്ഞു, ‘ടിന്നു, എനിക്ക് ഈ പ്രത്യേക സീൻ ചെയ്യാൻ താല്‍പ്പര്യമില്ല,’ ‘സോറി, നിങ്ങള്‍ ഈ സീൻ ചെയ്യണം’ എന്നു പറഞ്ഞപ്പോള്‍ “എനിക്ക് ഈ സീൻ വേണ്ട,” എന്നായിരുന്നു അവരുടെ മറുപടി. “ശരി, പാക്ക് അപ്പ്, ഈ സിനിമയോട് വിട പറയൂ. ഞാൻ എന്റെ ഷൂട്ട് റദ്ദാക്കാം,” എന്നു ഞാൻ പറഞ്ഞു.” അമിതാഭ് ബച്ചൻ സെറ്റില്‍ വന്ന് എന്താണ് സംഭവിക്കുന്നതെന്ന് തിരക്കിയപ്പോള്‍ മാധുരി ദീക്ഷിതുമായി തര്‍ക്കമുണ്ടായെന്ന് ടിന്നു ആനന്ദ് പറഞ്ഞു. “‘അതിരിക്കട്ടെ, നിങ്ങള്‍ എന്തിനാണ് അവളുമായി വഴക്കിടുന്നത്? അവള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍. എന്ന്‌ അദ്ദേഹം എന്നോട് ചോദിച്ചു. ‘മാധുരി ദീക്ഷിതിന്  എതിര്‍പ്പുണ്ടായിരുന്നുവെങ്കില്‍ സിനിമയില്‍ ഒപ്പിടുന്നതിന് മുമ്പ്  അത് നേരത്തെ ചെയ്യണമായിരുന്നു എന്ന് ഞാൻ പറഞ്ഞു. സിനിമയില്‍ മാധുരി ദീക്ഷിതിന് പകരക്കാരെ താൻ ഉടനെ തന്നെ അന്വേഷിച്ചു തുടങ്ങിയെന്നും എന്നാല്‍ അപ്പോള്‍ തന്നെ മാധുരി ദീക്ഷിതിന്റെ സെക്രട്ടറി വന്ന് അവര്‍ക്ക് അല്‍പ്പം കൂടി സമയം കൊടുക്കൂ, അവര്‍ സമ്മതിക്കുമെന്ന് പറഞ്ഞതായും ടിന്നു ഓര്‍ത്തെടുത്തു. ആ സിനിമ അഞ്ചു ദിവസമേ ചിത്രീകരിച്ചുള്ളൂ. അതോടെ ആ പ്രൊജക്റ്റ് നിന്നു പോവുകയും ചെയ്‌തു. മാധുരിയും ടിന്നുവും പിന്നീടൊരിക്കലും കരിയറില്‍ സഹകരിക്കുകയും ചെയ്തില്ല എന്നും ടിന്നു പറഞ്ഞു.