റീലീസ് ചെയ്തതു മുതൽ വിമർശനങ്ങൾ ഏറ്റു വാങ്ങുന്ന സിനിമ യാണ് ചുരുളി. സിനിമയിലെ തെറിവിളികളും സെൻസർ വിവാദവുമൊക്കെ കത്തി നിൽക്കെ തന്നെ സിനിമയ്ക്കുള്ളിൽ മറ്റൊരു വിവാദവും തലപൊക്കിയിരിക്കുകയാണ് .

സിനിമയുടെ ടെെറ്റിലിന് ഉപയോ​ഗിച്ചിരിക്കുന്ന ചുരുളി എന്ന പേരിൽ ഇടുക്കി ജില്ലയിൽ ഒരു സ്ഥലമുണ്ട്. മലയോര കർഷകരുടെ മേഖലയാണ് ഇത്. ഈ ചുരുളി നിവാസികളാണ് ഇപ്പോൾ സിനിമയ്ക്കെതിരെ രം​ഗത്ത് എത്തിയിരിക്കുന്നത്. ചുരുളി’ സിനിമക്കെതിരെ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് നിവേദനം നൽകാനൊരുങ്ങി ഇടുക്കി ജില്ലയിലെ ചുരുളി നിവാസികൾ.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ ചിത്രം റിലീസായതിന് പിന്നാലെ ഇതാണോ ചുരുളിയുടെ സംസ്‌കാരമെന്ന് മറ്റു നാട്ടിലുള്ളവർ ചോദിച്ചു തുടങ്ങിയെന്നും ഒരു മദ്യശാല പോലും ഇല്ലാത്ത ചുരുളി ഗ്രാമത്തിന്റെ മുഖഛായക്ക് കളങ്കം വരുത്തുന്ന രീതിയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നും ചുരുളി നിവാസികൾ പറയുന്നു. സിനിമയിൽ ചിത്രീകരിച്ചതുപോലെയല്ല തങ്ങളുടെ ജീവിതമെന്നും മലയോര കർഷകരെ മൊത്തം അപമാനിക്കുന്നതാണ് സിനിമയെന്നും നാട്ടുകാർ ആരോപിക്കുന്നു.

ചുരുളി സിനിമയിലെ തെറിവിളികളെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് പ്രദേശവാസികൾ തന്നെ സിനിമക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.അതേസമയം, സോണി ലിവിൽ പ്രദർശിപ്പിക്കുന്ന സംവിധാനം ചെയ്ത’ചുരുളി’യുടെ പതിപ്പ് സർട്ടിഫൈഡ് അല്ലെന്ന് സെൻസർ ബോർഡ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

2021 നവംബർ 18ന് അനുയോജ്യമായ മാറ്റങ്ങളോടെ ചുരുളിയ്ക്ക് എ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. എന്നാൽ ആ പതിപ്പല്ല സോണി ലിവിലൂടെ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കിയിരുന്നു.

നവംബർ 17നായിരുന്നു ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്തത്. ചെമ്പൻ വിനോദ്, ജോജു ജോർജ്, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.