മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ഇടം പിടിച്ച കഥാപാത്രമാണ് സേതുരാമയ്യര്‍ സി.ബി.ഐ. 1988 ല്‍ ഒരു സി.ബി.ഐ ഡയറി കുറിപ്പിലൂടെ ആരംഭിച്ച സി.ബി.ഐ സീരിസ് 2022ല്‍ സി.ബിഐ 5 ദി ബ്രെയ്‌നിലെത്തി നില്‍ക്കുകയാണ്. മമ്മൂട്ടി, കെ മധു, എസ് എൻ സ്വാമി കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രത്തിന് സമ്മിശ്രമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്.മലയാള സിനിമയിലെ വലിയ താരനിര ചിത്രത്തിൽ അണിനിരന്നു. സിബിഐ ദി ബ്രൈനിന്റെ ഭാഗമായതിന്റെ സന്തോഷം പങ്കുവെച്ച് നടൻ ജയകൃഷ്ണൻ തന്റെ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. ജോസ് മോൻ എന്ന കഥാപാത്രത്തെയാണ് ജയകൃഷ്ണൻ ചിത്രത്തിൽ കൈകാര്യം ചെയ്തിരിക്കുന്നത്.

ചിത്രത്തില്‍ നിര്‍ണായക വേഷത്തിലെത്തിയ താരമാണ് ജയകൃഷ്ണന്‍. സി.ഐ ജോസ് മോന്‍ എന്ന ജയകൃഷ്ണന്‍ അവതരിപ്പിച്ച കഥാപാത്രമാണ് ഒരു ഘട്ടത്തില്‍ കഥാഗതിയെ തന്നെ മാറ്റി മറിച്ചത്. സി.ബി.ഐ ഒന്നാം ഭാഗമിറങ്ങിയപ്പോള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന തനിക്ക് സി.ബി.ഐയില്‍ അഭിനയിക്കാനായത് വിശ്വസിക്കാനാവുന്നില്ലെന്നാണ് ജയകൃഷ്ണന്‍ പറയുന്നത്.സേതുരാമയ്യര്‍ സി.ബി.ഐ എന്ന പേരും കഥാപാത്രവും മലയാളികള്‍ ഹൃദയത്തിലേറ്റിയതാണ്. സി.ബി.ഐ സിനിമകളോട് മിക്കവര്‍ക്കും വൈകാരികമായ ഒരു അടുപ്പമുണ്ട്. 34 വര്‍ഷത്തിന് ശേഷം ഒരു കഥാപാത്രം ആവര്‍ത്തിക്കപ്പെടുമ്പോള്‍ എന്നെ സംബന്ധിച്ചിടത്തോളം ഓര്‍മകളിലേക്കുള്ള ഒരു തിരിച്ചുപോക്ക് കൂടിയാണ്.