മലയാള സിനിമയിൽ  ത്രില്ലറുകള്‍ ഒരുക്കാന്‍ ഏറ്റവും സമർത്ഥനായ  സംവിധായകൻ  ആരെന്ന ചോദ്യത്തിന് ഭൂരിഭാഗം സിനിമാപ്രേമികളും പറയുന്ന മറുപടി എത്തുന്നത് ഒരു പേരിലേക്കാവും .  ജിത്തു ജോസഫ് എന്നാവും അത് .   ദൃശ്യം എന്ന അദ്ദേഹത്തിന്‍റെ ഒരൊറ്റ ചിത്രം നേടിയ അഭൂതപൂര്‍വ്വമായ സ്വീകാര്യതയാണ് അതിന് കാരണം.  ബഹുഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ഫ്രാഞ്ചൈസി ആയതിനാല്‍ അവിടങ്ങളിലെ സിനിമാപ്രേമികള്‍ക്കും പരിചിതനാണ് ജീത്തു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും അദ്ദേഹം ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ബോളിവുഡിലേക്ക് പുതിയ ചിത്രവുമായി വീണ്ടും എത്തുകയാണ് അദ്ദേഹം.ബധായ് ഹോ അടക്കമുള്ള ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ജംഗ്ലീ പിക്ചേഴ്സും ക്ലൌഡ് 9 പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.പുതിയ ചിത്രത്തിനെ കുറിച്ചുളള വിവരം ഇന്‍സ്റ്റഗ്രാമിലൂടെ ജീത്തു ജോസഫ് തന്നെയാണ് പങ്കുവച്ചത്.ഓരോ ഇന്ത്യക്കാരനിലും ദേശീയ അഭിമാനം ഉണര്‍ത്തുന്ന ഈ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേറ്റുകള്‍ക്കായി കാത്തിരിക്കുക എന്നായിരുന്നു ജീത്തുവിന്റെ പോസ്റ്റ്.ജീത്തു ഏറ്റവും കഴിവ് തെളിയിച്ചിരിക്കുന്ന ത്രില്ലര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്നത് തന്നെയായിരിക്കും ഈ ചിത്രവും. സത്യം വെളിച്ചത്ത് കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഒരു പൊലീസ് ഓഫീസറുടെ യഥാര്‍ഥ കഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രമെന്ന് അറിയുന്നു. ഹിന്ദിയിലെ അടുത്ത ചിത്രത്തിനായി ഒരു മികച്ച തിരക്കഥയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു താനെന്നും ഇത് അത്തരത്തില്‍ ഒന്നാണെന്നും ജീത്തു ജോസഫ് പറയുന്നു. ദ ബോഡിയായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദ്യ ഹിന്ദി ചിത്രം. ക്രൈം ത്രില്ലറായി ഒരുങ്ങിയ ചിത്രത്തിൽ ഇമ്രാൻ ഹാഷ്മി, റിഷീ കപൂർ, ശോഭിത ധൂലിപാല എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

മലയാളത്തില്‍ മോഹന്‍ലാലിനൊപ്പമുള്ള സിനിമ ചിത്രീകരണ ഘട്ടത്തിലുള്ളപ്പോഴാണ് ബോളിവുഡില്‍ ജീത്തുവിന്‍റെ പുതിയ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്. ജീത്തു ജോസഫിനൊപ്പമുള്ള മോഹൻലാലിന്റെ നാലാമത്തെ ചിത്രമാണ് നേര്. കോർട്ട്റൂം ഡ്രാമ വിഭാഗത്തിലാണ് നേര് ഒരുങ്ങുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രിയ മണിയാണ് നായിക. അനശ്വര രാജന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജീത്തുവിനൊപ്പം ശാന്തി മായാദേവിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ദൃശ്യം 2 ല്‍ അഭിഭാഷക വേഷത്തിലെത്തി ശ്രദ്ധിക്കപ്പെട്ട ആളാണ് ശാന്തി. ചിത്രത്തിന്‍റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് ആണ്. എഡിറ്റിംഗ് വി എസ് വിനായക്, സംഗീതം വിഷ്ണു ശ്യാം, കലാസംവിധാനം ബോബന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് രാമചന്ദ്രന്‍, ഡിസൈന്‍ സേതു ശിവാനന്ദന്‍.