കൃപേഷ് കടകം എന്ന യുവാവിന്റെ ജീവിതമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ജീവിതത്തിലെ രതിസന്ധികളോട് പട പൊരുതി ജീവിത വിജയം നേടിയ കൃപേഷ് ഇന്നൊരു വക്കീലാണ്. 2010 മുതൽ 2015 വരെ അഞ്ചു വർഷക്കാലം കെഎസ്ആർടിസി കാസർകോട് ഡിപ്പോയിൽ രാത്രികാലങ്ങളിൽ കൃപേഷ് ബസ് കഴുകിയിരുന്നു. ഒരു ബസിനു 10 രൂപ വെച്ചായിരുന്നു ലഭിച്ചിരുന്നത്.

ആ പണം സ്വരുക്കൂട്ടി വച്ചാണ് കൃപേഷ് തന്റെ പഠനം പൂർത്തിയാക്കിയത്. വൈകിട്ട് നാലിനു തുടങ്ങുന്ന ബസ് കഴുകൽ ജോലി ആദ്യഘട്ടം രാത്രി 12നാണു തീരുക. രണ്ടാമത്തെ ഷിഫ്റ്റ് രാത്രി 12 മുതൽ രാവിലെ എട്ടു വരെ. രണ്ട് ഷിഫ്റ്റ് ഒന്നിച്ചെടുക്കുന്നതു വഴി ആഴ്ചയിൽ 6 ദിവസത്തെ ജോലി. ദിവസം പത്ത് ബസ് എന്ന കണക്കിൽ ശരാശരി 150 രൂപ ലഭിക്കും. ബസിന്റെ അകം കൂടി കഴുകിയാൽ 10 രൂപ അധികം കിട്ടും.

കൂടാതെ, കൃപേഷ് കൂലിപ്പണിക്കും പോയിരുന്നു. എന്നാൽ അത് കോളേജ് ഹാജർ നിലയെ ബാധിച്ചു. അതോടെ ക്ലാസ് മുടങ്ങുന്നത് ഒഴിവാക്കാൻ രാത്രി സമയത്തുള്ള ജോലിക്കു ശ്രമം തുടങ്ങി. 2010ൽ രണ്ടാമത്തെ സെമസ്റ്റർ ആയപ്പോൾ കെഎസ്ആർടിസി കാസർകോട് ഡിപ്പോയിൽ ബസ് കഴുകുന്ന പണിക്കു പോയിത്തുടങ്ങിയത്. തുടർന്ന് പഠനം പൂർത്തിയാക്കി, ഇന്ന് അഭിഭാഷകനായി കോളേജിൽ നിന്നും പുറത്തിറങ്ങിയിരിക്കുകയാണ് കൃപേഷ്.