ഓസ്കാർ അവാർഡിനായുള്ള ഇന്ത്യൻ എൻട്രിയായ 2018 എവരിവൺ ഈസ് എ  ഹീറോക്ക്  ശേഷം വീണ്ടും യഥാർത്ഥ സംഭവകഥ  സിനിമയാക്കാനൊരുങ്ങി സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. കേരള ചരിത്രത്തിലെ ദുരൂഹതകളിലൊന്നായ എം.വി.കൈരളി എന്ന കപ്പലിന്റെ  തിരോധാന കഥയാണ് ജൂഡ് സിനിമയാക്കാൻ ഒരുങ്ങുന്നത്. അന്താരാഷ്ട്ര മാദ്ധ്യമാമായ വെറൈറ്റി യഡോട്ട് കോമിന്  നൽകിയ അഭിമുഖത്തിലാണ് എംവി കൈരളിയുടെ തിരോധാന കഥ സിനിമയാക്കുന്നതായി ജൂഡ് പ്രഖ്യാപിച്ചത്.  രാജ്യത്തെ മുൻനിര മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജോസി ജോസഫ് ആണ് എം.വി കൈരളി കപ്പലിന്റെ തിരോധാനം പ്രമേയമായ തന്റെ അടുത്ത ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നതെന്നും ജൂഡ് ആന്തണി പറഞ്ഞു.ഫീസ്റ്റ് ഓഫ് വൾച്ചേഴ്സ്, സൈലന്റ് കൂ തുടങ്ങി രാജ്യാന്തര ശ്രദ്ധ നേടിയ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് ജോസി ജോസഫ്. സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങളിലേക്ക് കടന്നതായും ജൂഡ് ആന്തണി ജോസഫ് അറിയിച്ച്.  നിവിൻ പോളിയായിരിക്കുമോ ചിത്രത്തിനെ നായകൻ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇൻവസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിലാകും ചിത്രം ഒരുക്കുക. 1979 -ൽ 49 ജീവനക്കാരും 20,000 ടൺ ഇരുമ്പയിരുമായി ഇന്ത്യയിലെ മർഗോവിൽ നിന്ന് ജിബൂട്ടി വഴി ജർമ്മനിയിലെ റോസ്റ്റോക്കിലേക്ക് യാത്ര തിരിച്ച കേരള ഷിപ്പിംഗ് കോർപ്പറേഷന്റെ ചരക്ക് കപ്പലായിരുന്നു എംവി കൈരളി. യാത്രക്കിടെ ദുരൂഹസാഹചര്യത്തിൽ കപ്പലും ജീവനക്കാരെയും കാണാതെയാവുകയായിരുന്നു. 2024 ന്റെ രണ്ടാം പകുതിയോടെയായിരിക്കും ചിത്രം ആരംഭിക്കുക. പ്രശസ്ത മാദ്ധ്യമപ്രവർത്തകൻ ജോസി ജോസഫിനൊപ്പമാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. കേരളത്തിന്റെ സ്വന്തം കപ്പലാണ് എം.വി. കൈരളി. ജൂലൈ മൂന്നിന് എം.വി. കൈരളി കടലാഴങ്ങളിലേക്ക് മറഞ്ഞിട്ട് 2023ൽ 44 വർഷം പിന്നിട്ടിരിക്കുകയാണ് കപ്പലും 49 ജീവനക്കാരും ആഴക്കടലിൽ അപ്രത്യക്ഷരായി വർഷങ്ങൾ പിന്നിടുമ്പോഴും എംവി കൈരളിക്ക് എന്ത് സംഭവിച്ചുവെന്ന് ഒരു സൂചന പോലുമില്ല.

നോർവെയിൽ നിർമ്മിച്ച സാഗ സോഡ് (Saga sword ) എന്ന കപ്പലാണ് പിന്നീട് എം.വി. കൈരളിയെന്ന കേരളത്തിന്റെ സ്വന്തം കപ്പലായത്.ചരിത്രത്തിലെ ഏറ്റവും ദുരൂഹമായ കപ്പൽ യാത്രയായിരുന്നു എം.വി. കൈരളിയുടേത്. 1976 ഫെബ്രുവരി 14-ന് കേരള സ്റ്റേറ്റ് ഷിപ്പിംഗ് കോർപ്പറേഷൻ 5.81 കോടി രൂപക്ക് വാങ്ങുകയായിരുന്നു. 1976 മുതൽ 1979 വരെ മൂന്ന് വർഷക്കാലം ചരക്കുകളുമായി കൈരളി ലോകത്തുടനീളം കേരളത്തിനായി സഞ്ചരിച്ചു. 1979 ജൂൺ 30-ന് മർമ്മഗോവയിൽനിന്ന് 20,538 ടൺ ഇരുമ്പയിരുമായി കിഴക്കൻ ജർമ്മനിയിലെ റോസ്റ്റോക്കിലേക്കായിരുന്നു കൈരളിയുടെ അവസാനത്തെ യാത്ര.  കോട്ടയം സ്വദേശി മരിയദാസ് ജോസഫ് ക്യാപ്റ്റനും എറണാകുളം സ്വദേശി അബി മത്തായി ചീഫ് എൻജിനീയറും മലപ്പുറം സ്വദേശി ബേബി സെബാസ്റ്റിയൻ റേഡിയോ ഓഫീസറുമായ കപ്പലിൽ 23 മലയാളികൾ ഉണ്ടായിരുന്നു. 1979 ജൂലൈ മൂന്നിന് രാത്രി എട്ട് മണിക്ക് കൈരളിയിൽ നിന്ന് അവസാന സന്ദേശം ലഭിച്ച സേഷം ഇന്നു വരെ ഈ കപ്പലിനെ കുറിച്ച് ഒരു വിവരവുമില്ല. റഡാർ സംവിധാനത്തിന് തകരാറുണ്ടെന്ന് ക്യാപ്റ്റൻ നേരത്തെ വ്യക്തമാക്കിയിരുന്നു.  എൻജിൻ മുറിയിൽ ഒരു ബോയ്ലർ ഫീഡ് പൈപ്പ് പൊട്ടിപ്പോയെന്നും താത്ക്കാലികമായി റിപ്പയർ ചെയ്തെന്നുമാണ് ക്യാപ്റ്റൻ മരിയദാസ് ജോസഫ് കപ്പലിൽനിന്ന് അയച്ച അവസാന സന്ദേശം.

യാത്രക്കിടെ ജൂലൈ എട്ടിന് ആഫ്രിക്കൻ തീരമായ ജിബൂട്ടിയിൽ നിന്നായിരുന്നു കൈരളിയിൽ ഇന്ധനം നിറക്കേണ്ടിയിരുന്നത്. ജൂലൈ പതിനൊന്നായിട്ടും കൈരളി തങ്ങളുടെ തീരത്തെത്തിയിട്ടില്ലെന്ന് ജിബൂട്ടിയിലെ ഷിപ്പിങ് ഏജന്റ് അറിയിച്ചതോടെയാണ് കപ്പൽ മുങ്ങിയതായി കേരള ഷിപ്പിങ് കോർപ്പറേഷൻ തിരിച്ചറിയുന്നത്. അന്വേഷണങ്ങളെല്ലാം തന്നെ വിഫലമായിരുന്നു. അന്ന് മുതൽ ഇന്നു വരെ കപ്പലിനെ കുറിച്ചുള്ള യാതൊരു വിവരങ്ങളോ അവശിഷ്ടങ്ങളോ ഒന്നും തന്നെ ലഭിച്ചിട്ടില്ല.അതേസമയം ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്‌കർ എൻട്രി ചിത്രമാണ് ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. മലയാളത്തിൽ നിന്ന് ആദ്യമായി 200 കോടി നേടിയ ചിത്രമായിരുന്നു 2018. കേരളത്തെ പിടിച്ചുകുലുക്കിയ 2018ലെ പ്രളയം ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മികച്ച അന്താരാഷ്ട്ര ചിത്രം എന്ന വിഭാഗത്തിലാണ് ‘2018’ മത്സരിക്കുക. ഗിരീഷ് കർണാട് നയിക്കുന്ന കമ്മിറ്റിയാണ് ചിത്രം തിരഞ്ഞെടുത്തത്. 2023 മെയ് 5-നാണ് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. 2023 ൽ പുറത്തിറങ്ങിയ സിനിമകൾക്കുള്ള 96ാമത് ഓസ്‌കറുകൾ 2024 മാർച്ച് 10 ന് ലോസ് ഏഞ്ചൽസിൽ വച്ചാണ് സമ്മാനിക്കുക. 2018ന്റെ ഓസ്കാർ നോമിനേഷനുള്ള പ്രചരണങ്ങൾക്കായി ലോസ് ആഞ്ചൽസിലാണ് ജൂഡ് ആന്തണി ഉള്ളത്. അക്കാദമി മെംബേഴ്സിന് ഉൾപ്പെടെ സിനിമയുടെ സ്ക്രീനിം​ഗ് തുടരുകയാണ്