യക്ഷിയും ഞാനും എന്ന മലയാള ചലച്ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ അന്യഭാഷ താരമാണ് മേഘ്നാ രാജ്. തമിഴ് തെലുങ്ക് കന്നഡ മലയാളം തുടങ്ങിയ ഭാഷകളിലെല്ലാം താരം അഭിനയിച്ചു. യക്ഷിയും ഞാനും എന്ന ചലച്ചിത്രം മേഘ്നരാജ് മലയാളത്തിലും ഒരുപാട് ആരാധകരെ സമ്പാദിച്ചു കൊടുത്തു. തുടർന്ന് നിരവധി മലയാളചലച്ചിത്രങ്ങളുടെ ഭാഗമാകുവാനും മേഘ്നയ്ക്ക് സാധിച്ചു. അഭിനയലോകത്ത് തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു മേഘ്നയുടെ വിവാഹം. നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ കന്നഡ താരമായ ചിരഞ്ജീവി സർജയെയാണ് മേഘ്ന വിവാഹം കഴിച്ചത്. എന്നാൽ അധികനാൾ ആ ദാമ്പത്യ ജീവിതം മുന്നോട്ടു പോയില്ല.

2020 ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി സർജ ഈ ലോകത്തോട് വിടപറഞ്ഞു. ഇന്നിപ്പോൾ ദൈവങ്ങളോട് താൻ പിണക്കമാണെന്ന് പറയുകയാണ് മേഘ്‌ന ഒരു അഭിമുഖത്തിൽ. “സങ്കടപ്പെട്ടതിനെല്ലാം മറുപടിയായാണ് റായൻ വന്നത്. റായൻ രാജ് സർജ എന്നാണ് മോന്റെ മുഴുവൻ പേര്. രാജാവ് എന്നാണ് റായൻ എന്നതിനർഥം. ഒരു ദൈവവും എന്നെ തുണച്ചില്ല. ദൈവത്തോടു ഞാൻ പിണക്കമാണ്. എന്തിനാണ് എന്റെ കുഞ്ഞിന് അച്ഛനെ കാണാനുള്ള ഭാഗ്യം ഇല്ലാതാക്കിയത്. ചിരു മരിക്കുമ്പോൾ ഞാൻ എട്ടുമാസം ഗർഭിണിയായിരുന്നു.പിന്നീട് ഓരോ നിമിഷവും ചിരു വീണ്ടും ജനിക്കുമെന്ന മട്ടിൽ ആരാധകരുടെ മെസേജുകളും പോസ്റ്റുകളും കമന്റുകളുമായിരുന്നു സോഷ്യൽ മീഡിയ നിറയെ. പ്രസവം കഴിഞ്ഞ് കുഞ്ഞിനെ കയ്യിൽ വാങ്ങിയപ്പോൾ ഞാൻ ഡോക്ടറോട് പറഞ്ഞത്, ‘ആൺകുട്ടിയല്ല എന്നു പറയല്ലേ’ എന്നാണ്. എന്നെ പറ്റിക്കാനായി ഡോക്ടർ കുറച്ച് സസ്പെൻസ് ഇട്ടു. മോനെ ആദ്യമായി കയ്യിൽ വാങ്ങിയ നിമിഷം ‍ഞാൻ പൊട്ടിക്കരഞ്ഞുപോയി. അത്രമാത്രം ‘ജൂനിയർ ചിരു’ എന്ന് ആരാധകർ പറയുന്നത് കേട്ടിരുന്നു.” എന്നായിരുന്നു മേഘ്‌നയുടെ വാക്കുകൾ.