ഇസ്രായേലിൽ നടന്ന മിസ് യൂണിവേഴ്സ് 2021 ഇന്ത്യൻ മോഡലും പഞ്ചാബി നടിയുമായ ഹര്‍നാസ് സന്ധുവിന് വിശ്വ സുന്ദരിപ്പട്ടം. 21 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയ്ക്ക് വിശ്വസുന്ദരിപ്പട്ടം ലഭിക്കുന്നത്.ഇന്ത്യയുടെ അഭിമാനം ഒരിക്കൽക്കൂടി ലോകത്തിന്റെ നെറുകയിൽ എത്തിയിരിക്കുകയാണ് ഈ അവസരത്തിൽ .

2000ത്തിൽ ലാറ ദത്ത വിശ്വസുന്ദരിപ്പട്ടം നേടിയതിനു ശേഷം ഇതാദ്യമായാണ് മിസ് യൂണിവേഴ്സ് പട്ടം ഇന്ത്യയ്ക്ക് ലഭിക്കുന്നത്. ഹർനാസിനെ കൂടാതെ ദക്ഷിണാഫ്രിക്കയുടെ ലാലേല മസ്വനെ സെക്കൻഡ് റണ്ണറപ്പും പരാഗ്വേയുടെ നാദിയ ഫെരേര ഫസ്റ്റ് റണ്ണറപ്പുമായി പ്രഖ്യാപിക്കപ്പെട്ടു.ആഗോളതലത്തില്‍ തത്സമയ സംപ്രേക്ഷണം ചെയ്ത പരിപാടിയില്‍ കഴിഞ്ഞ വര്‍ഷത്തെ മിസ് യൂണിവേഴ്സ് മെക്സിക്കോ സുന്ദരി ആൻഡ്രിയ മെസയാണ് ഹര്‍നാസ് സന്ധുവിനെ കിരീടം അണിയിച്ചത്.

ഇസ്രയേലിലെ ഏലിയറ്റിൽ വെച്ചായിരുന്നു ഇത്തവണത്തെ വിശ്വസുന്ദരി മത്സരം നടത്തിയത്.  പരിപാടിയുടെ 70-ാം പതിപ്പായിരുന്നു ഇത്. മത്സരത്തിൽ എല്ലാ റൗണ്ടുകളിലും മികച്ച പ്രകടനം നടത്തിയാണ് ഹർനാസ് സന്ധു വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് എത്തിക്കുന്നത്.1994ലായിരുന്നു ഇന്ത്യയ്ക്ക് ആദ്യമായി മിസ് യൂണിവേഴ്സ് പട്ടം ലഭിച്ചത്. അന്ന് സുസ്മിത സെൻ ആയിരുന്നു വിശ്വസുന്ദരി.

തുടർന്ന് ആറു വർഷത്തിനു ശേഷം ലാറ ദത്തയും ഇന്ത്യയിൽ നിന്നും  വിശ്വസുന്ദരി കിരീടം ചൂടിയിരുന്നു .”ഇക്കാലത്ത് യുവതികൾ അനുഭവിക്കുന്ന സമ്മർദ്ദത്തെക്കുറിച്ച് അവർക്ക് എന്തുപദേശമായിരിക്കും നിങ്ങൾ നൽകുക?’.എന്നായിരുന്നു ഹര്‍നാസിനോട് അവസാന റൗണ്ടിൽ ചോദിച്ച ചോദ്യം.

‘അവനവനിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുന്നതാണ് ഇക്കാലത്ത് യുവതികൾ നേരിടുന്ന ഏറ്റവും വലിയ സമ്മർദ്ദം. നിങ്ങളെപ്പോലെ വേറെ ആരുമില്ല എന്ന് തിരിച്ചറിയുന്നത് തന്നെ നിങ്ങളെ സുന്ദരിയാക്കും. മറ്റുള്ളവരുമായി നിങ്ങളെ താരതമ്യം ചെയ്യാതിരിക്കുക. ലോകത്ത് സംസാരിക്കുന്ന മറ്റ് പല പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചും സംസാരിക്കുക. പുറത്തുവരൂ, നിങ്ങൾക്ക് വേണ്ടി സംസാരിക്കൂ, നിങ്ങളാണ് നിങ്ങളുടെ ജീവിതത്തെ നയിക്കേണ്ടത്. നിങ്ങളാണ് നിങ്ങളുടെ ശബ്ദം. ഞാൻ എന്നിൽ വിശ്വസിച്ചു. അതിനാൽ ഞാനിന്ന് ഇവിടെ നിൽക്കുന്നു”.എന്നായിരുന്നു ഈ ചോദ്യത്തിന് ഹർനാസിന്റെ മറുപടി .

 

മുൻപ് ഫെമിന മിസ് ഇന്ത്യ 2019 മത്സരത്തിൽ ഹര്‍നാസ് സന്ധു അവസാന 12 പേരുടെ റൗണ്ടിലെത്തിയിരുന്നു.. മിസ് ദിവ 2021, ഫെമിന മിസ് ഇന്ത്യ പഞ്ചാബ് 2019 മത്സരങ്ങളിലും ഹര്‍നാസ് വിജയിച്ചിട്ടുണ്ട്.2017-ല്‍ ടൈംസ് ഫ്രഷ് ഫേസിലൂടെയാണ് ഹര്‍നാസ് സൗന്ദര്യമത്സര യാത്ര ആരംഭിച്ചത്. 21 കാരിയായ ഹര്‍നാസ് ഇപ്പോള്‍ പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി കൂടിയാണ്.