കോവിഡ് പ്രതിസന്ധി കടന്ന്, രണ്ട് വര്‍ഷത്തിന് ശേഷം സ്‌കൂളുകള്‍ സാധാരണമായി തുറന്നിരിക്കുകയാണ്. ആദ്യദിനം മാതാപിതാക്കള്‍ തന്നെയാണ് മക്കളെ സ്‌കൂളിലേക്ക് എത്തിച്ചത്. മകന്‍ സായിയെ സ്‌കൂളില്‍ എത്തിച്ച നടി നവ്യാ നായരായിരുന്നു സോഷ്യല്‍ ലോകത്ത് നിറഞ്ഞിരുന്നത്. നടി സ്‌കൂളിലേക്ക് നേരിട്ടെത്തിയത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തിരുന്നു.

അതേസമയം, വാര്‍ത്തയ്ക്ക് താഴെ വന്ന രസകരമായ കമന്റ് നടി പങ്കുവെച്ചിരിക്കുകയാണിപ്പോള്‍. ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറന്നപ്പോള്‍ മകന്‍ സായിയെ സ്‌കൂളില്‍ ചേര്‍ക്കാനെത്തിയ നവ്യ നായരുടെ വാര്‍ത്ത മനോരമ ഓണ്‍ലൈനിലാണ് വന്നത്. ‘മകനെ സ്‌കൂളിലാക്കാന്‍ നേരിട്ടെത്തി നവ്യ നായര്‍’ എന്നാണ് വാര്‍ത്തയുടെ ഹെഡ്.

ഈ വാര്‍ത്തയുടെ കീഴില്‍ അഞ്ജലി താര ദാസ് എന്ന ചെയ്ത കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് രാവിലെ മുതല്‍ തന്നെ വൈറലായിരുന്നു. ‘ഞങ്ങളൊക്കെ മക്കളെ കൊറിയര്‍ ചെയ്യാറാണ്. ഇപ്പോള്‍ കൊറിയര്‍ ചെയ്ത് വന്നേയുള്ളൂ. ഇനി ഉച്ചക്ക് സ്‌കൂളില്‍ നിന്ന് തിരിച്ച് അയക്കും. പോയി ഒപ്പിട്ട് കൈപ്പറ്റണം,’ എന്നാണ് വാര്‍ത്തയ്ക്ക് അഞ്ജലി കമന്റ് ചെയ്തത്.

സെല്‍ഫ് ട്രോളാണ് എങ്കിലും ഇത് ഇഷ്ടമായെന്നാണ് നവ്യ ട്രോള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

വി.കെ. പ്രകാശ് സംവിധാനം ചെയ്ത ഒരുത്തിയാണ് അവസാനം പുറത്തിറങ്ങിയ നവ്യയുടെ ചിത്രം. നീണ്ട നാളത്തെ ഇടവേളക്ക് ശേഷം മലയാളത്തിലേക്കുള്ള നവ്യയുടെ തിരിച്ചു വരവ് കൂടിയായിരുന്നു ഒരുത്തി. രാധാമണി എന്ന ബോട്ട് കണ്ടക്ടറുടെ വേഷത്തിലാണ് നവ്യ സിനിമയില്‍ എത്തിയത്. ഒരു സാധാരണ സ്ത്രീയ്ക്ക് നേരിടേണ്ടി വരുന്ന അസാധാരണമായ സംഭവത്തെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. കൊച്ചിയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയായിരുന്നു ഒരുത്തി ഒരുങ്ങിയത്.