മാമാങ്കത്തിലൂടെ മലയാളത്തിന് പ്രിയങ്കരിയായ നടിയാണ് പ്രാചി തെഹ്‌ലാൻ. ഓണാഘോഷത്തിന്റെ ആവേശത്തിലാണ് നടി ഇപ്പോൾ. നടിയുടെ ഓണം സ്‌പെഷ്യല്‍ ഫോട്ടോഷൂട്ട് ഒക്കെ വളരേ അവശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത് അതിന്റെ സന്തോഷത്തില്‍ കൂടിയാണ് പ്രാചി. മലയാള സിനിമയെ മാത്രമല്ല, കേരളത്തെയും മലയാളികളെയൊന്നാകെയും ഇഷ്ടപ്പെടുന്ന പ്രാചി ഇപ്പോൾ കൊച്ചിയിലേക്ക് താമസവും മാറിയിരിക്കുകയാണ്. ഓണസദ്യ പോലെ സ്വാദിഷ്ടമായ ഭക്ഷണം കഴിച്ചിട്ടില്ല. മമ്മൂട്ടിയോട് വലിയ ആരാധനയും ഇഷ്ടവുമൊക്കെയാണ് എന്നാണ് താരം പറയുന്നത് . താൻ സ്കൂളില്‍ പഠിക്കുമ്പോഴാണ് കേരളത്തിലെ ഓണാഘോഷത്തെക്കുറിച്ച്‌ അറിഞ്ഞത്. പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തപ്പെട്ട അസുര രാജാവ് ഓരോ വര്‍ഷവും തന്റെ പ്രജകളെ കാണാൻ വരുന്നു എന്ന വിശ്വാസം- അത് വലിയ കൗതുകമുണ്ടാക്കിയിരുന്നു. എല്ലാവരും ഒന്നുപോലെ സന്തോഷിച്ച ഒരു കാലമുണ്ടായിരുന്നു എന്നതും അതിശയകരമായി തോന്നി. 2019ല്‍ ഓണ നാളുകളിലാണ് മാമാങ്കത്തിന്റെ ഷൂട്ടിനായി ഞാനിവിടെയായിരുന്നു. എല്ലാ അര്‍ത്ഥത്തിലുമുള്ള ഉത്സവമാണ് ഓണമെന്ന് അന്ന് കണ്ടറിഞ്ഞു. നഗരങ്ങളിലെ ആഘോഷവും നാട്ടിൻ പുറങ്ങളിലെ ശാലീന സൗന്ദര്യവും എല്ലാ മനുഷ്യരുടെയും സന്തോഷമുള്ള മുഖങ്ങളും എല്ലാം ഈ ആഘോഷത്തിന് വലിയ മാനങ്ങള്‍ നല്‍കുന്നുണ്ട്. ഇത്തരത്തിലൊരാഘോഷം മറ്റെവിടെയും ഞാൻ കണ്ടിട്ടില്ല. മാമാങ്കത്തിന്റെ സെറ്റിലുള്ളപ്പോഴാണ് ആദ്യമായി ഓണസദ്യ കഴിക്കുന്നത്. ഓണസദ്യ പോലെ വിഭവ സമൃദ്ധമായ ആഹാരം വേറൊന്നില്ല. പാകം ചെയ്യുന്നവരുടെ സ്നേഹം കൂടി ചേര്‍ന്നതാണ് രുചി എന്നൊക്കെ പറയാറില്ലേ. അത് യഥാര്‍ഥത്തില്‍ അറിയുന്നത് ഓണസദ്യ കഴിക്കുമ്പോളാണ്. എല്ലാ രസങ്ങളും ഉള്‍ക്കൊള്ളുന്ന സമഗ്രമായ ഭക്ഷണമാണ് ഓണസദ്യ. ഈ വര്‍ഷവും ആ സ്വാദ് ഞാനറിയുന്നു. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് ഓണസദ്യ കഴിച്ചത് എന്നും പ്രാചി പറഞ്ഞു.കേരളം ദൈവത്തിന്റെ നാടെന്നല്ലേ അറിയപ്പെടുന്നത്. ലോകത്തിന്റെ വിവിധ മേഖലയില്‍ നിന്ന് എത്രയോ പേര്‍ വിനോദ സഞ്ചാരികളായെത്തുന്നു ഇവിടെ. കേരളത്തിന്റെ കാലാവസ്ഥയും പ്രകൃതി മനോഹാരിതയുമൊക്കെ ലോകപ്രശസ്തമാണ്. അത് എന്നെയും വല്ലാതെ ആകര്‍ഷിച്ചു. ഓണസദ്യ മാത്രമല്ല, ഇവിടത്തെ വിവിധ രുചികള്‍ ഹൃദയം കവരുന്നതാണ്. ഇതു മാത്രമല്ല. അഭിനേത്രി എന്ന നിലയിലും ഈ നാട് എന്നെ വല്ലാതെ ആകര്‍ഷിക്കുന്നു. ഇന്ത്യൻ സിനിമയില്‍ ഏറ്റവും മികച്ച ചിത്രങ്ങള്‍ എപ്പോഴും കേരളത്തില്‍ നിന്നാണ്. ഇവിടത്തെ സിനിമകളുടെ പ്രമേയം വളരെ വ്യത്യസ്തമാണ്. അതുപോലെ ഈ നാട്ടിലെ സമാധാനം എടുത്തുപറയേണ്ടതാണ്. ഡെല്‍ഹിയെപ്പോലെ കേരളത്തെ എന്റെ നാട് എന്നു പറയാൻ എനിക്കിഷ്ടമാണ് എന്നും പ്രാചി പറയുന്നു.മലയാളത്തിലെ അരങ്ങേറ്റ സിനിമയിലെ നായകൻ മമ്മൂട്ടിയോടൊപ്പം ജോലി ചെയ്തതിന്റെ അനുഭവങ്ങളെപ്പറ്റിയും പ്രാചി പറഞ്ഞു. പ്രതിഭ നിറഞ്ഞ നടനാണ് മമ്മൂട്ടി. വളരെ നല്ല മനുഷ്യനുമാണ് അദ്ദേഹം. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ ഞാൻ അദ്ദേഹത്തിന്റെ ആരാധികയായി മാറുകയായിരുന്നു, ഇപ്പോള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കാൻ എനിക്ക് ഏറ്റവും വലിയ പ്രചോദനമാണ് അദ്ദേഹം. മനുഷ്യനെന്ന നിലയിലും നടനെന്ന നിലയിലും അദ്ദേഹത്തോട് നമുക്ക് വളരെ വളരെ ഇഷ്ടം തോന്നും. ഒപ്പം പ്രവര്‍ത്തിക്കുമ്പോള്‍ നമുക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൂടിക്കൂടിവരും. മമ്മുക്കയെ കാണാനും സംസാരിക്കാനുമുള്ള ഓരോ അവസരവും എനിക്ക് വളരെ വിലപ്പെട്ടതാണ്.

സ്പോര്‍ട്സ് താരമെന്ന നിലയിലും ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനെന്ന നിലയിലും പ്രവര്‍ത്തിച്ചയാൾ കൂടിയാണ് പ്രാചി. സ്‌പോര്‍ട്‌സ് റിയലാണ്, സിനിമകള്‍ റീലാണ് എന്നും പ്രാചി പറയുന്നു. വളരുന്ന നാളുകളില്‍ സ്പോര്‍ട്സ് അത്രയേറെ ഇഷ്ടപ്പെട്ടിരുന്നു. അങ്ങനെ ഞാൻ സ്പോര്‍ട്സ് താരമായി. രാജ്യത്തെ പ്രതിനിധീകരിച്ച്‌ മത്സരിച്ചു. ഇപ്പോള്‍ ഞാൻ മാനസികമായി കൂടുതല്‍ കരുത്തു കാണിക്കേണ്ട സിനിമകള്‍ ആസ്വദിക്കുകയാണ്. ഈ രംഗം വളരെ ക്രിയാത്മകവും അതിന്റേതായ വെല്ലുവിളികള്‍ നിറഞ്ഞതുമാണ്. ഒരു കായിക വനിത എന്ന നിലയില്‍ പ്രവര്‍ത്തിച്ചതും ഇപ്പോള്‍ ഒരു അഭിനേത്രി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതും എന്റെ ജീവിതത്തിന്റെ രണ്ട് ഘട്ടങ്ങളാണ് ഇവ ഞാൻ ഇഷ്ടപ്പെടുന്നു എന്നാണ് പ്രാചി പറയുന്നത്.ജെന്റില്‍മാൻ -2 ല്‍ അഭിനയിക്കാൻ ഉള്ള തയാറെടുപ്പിലാണ് താരം ഇപ്പോൾ. ചിത്രത്തിന്റെ ഷൂട്ട് ഉടൻ തുടങ്ങുമെന്നും. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും, ഇത് എന്റെ മുൻ കഥാപാത്രങ്ങളെ അപേക്ഷിച്ച്‌ വളരെ വ്യത്യസ്തവും വെല്ലുവിളി നിറഞ്ഞതുമായിരിക്കുമെന്നും പ്രാചി വെളിപ്പെടുത്തി. കോവിഡിന് ശേഷം ഒരു വലിയ ബാനറുമായി സിനിമാ രംഗത്തേക്ക് തിരിച്ചു വരുന്നതില്‍ വലിയ ആവേശത്തിലാണ് താൻ എന്നും പ്രാചി പറഞ്ഞു.