പണവും ജോലിയും നോക്കി പ്രണയിക്കുന്നവര്‍ക്കിടയില്‍ മാതൃകയാണ് തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശി പ്രണവിന്റെയും തിരുവനന്തപുരം സ്വദേശി ഷഹാനയുടെയും ദാമ്പത്യജീവിതം. വീല്‍ചെയറിലിരിക്കുന്ന പ്രണവിന്റെ കൈപിടിച്ച് ഷഹാന ജീവിതത്തിലേക്ക് കടന്നുവന്നത് സകലരേയും അമ്പരപ്പിച്ചിരുന്നു. ഇവരുടെ വിവാഹം സോഷ്യല്‍മീഡിയയും ആഘോഷമാക്കിയിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ പ്രണവിന്റെ ജീവിതം കണ്ടറിഞ്ഞാണ് രണ്ട് വര്‍ഷം മുമ്പ് ഷഹാന പ്രണവിന്റെ നല്ലപാതിയായെത്തിയത്. 2020 മാര്‍ച്ച് 4ന് കൊടുങ്ങല്ലൂര്‍ ആല ക്ഷേത്രത്തില്‍വച്ച് ഇവര്‍ വിവാഹിതരാകുകയുമായിരുന്നു.

ഇപ്പോഴിതാ രണ്ട് വര്‍ഷത്തിനിപ്പുറവും വിമര്‍ശകരെ പിന്തള്ളി പ്രണവിന് താങ്ങായി ഷഹാന കൂടെയുണ്ട്. ഇരുവരുടേയും ദാമ്പത്യത്തിന് വലിയ ആയുസുണ്ടാകില്ലെന്ന ്പലരും വിധിയെഴുതുക പോലും ചെയ്തു. എന്നാല്‍ കഴിഞ്ഞദിവസം ഇരുവരും രണ്ടാം വിവാഹവാര്‍ഷികവും ആഘോഷമാക്കി.

വിവാഹ വാര്‍ഷിക ദിനത്തില്‍ പ്രണവ് തന്റെ നല്ലപാതിയെ കുറിച്ച് കുറിപ്പ് പങ്കുവെച്ചിരുന്നു. കൂടാതെ അപകടത്തെ തുടര്‍ന്ന് നാലു ചുമരിനുള്ളില്‍ ജീവിക്കുന്ന പ്രണവിന് ജോലിക്ക് പോകാന്‍ സാധിക്കില്ല. എങ്കിലും സ്വന്തമായി വരുമാനം കണ്ടെത്തനായി ഇപ്പോള്‍ ഒരു ലക്കി സെന്റര്‍ തുടങ്ങിയിരിക്കുകയാണ് പ്രണവ്.

പുറത്തുപോയി ടിക്കറ്റ് വില്‍ക്കാന്‍ സാധിക്കാത്തത് കൊണ്ട് വീട്ടില്‍ വെച്ച് തന്നെയാണ് കച്ചവടം. തന്റെ ചെലവിന് ഉള്ളത് എങ്കിലും തനിക്ക് സമ്പാദിക്കാന്‍ സാധിച്ചാല്‍ വീട്ടുകാര്‍ക്ക് എങ്കിലും കുറച്ചു സഹായം ആകുമല്ലോ എന്നാണ് പ്രണവ് പറയുന്നത്.

‘ഇണക്കത്തിന്റെയും, പിണക്കത്തിന്റെയും 2 വര്‍ഷങ്ങള്‍. അവളെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു അവള്‍ അതിലേറെ എന്നെ സ്നേഹിക്കുന്നുണ്ട് എന്ന് എനിക്ക് അറിയാം. കാരണം ഈ അവസ്ഥയില്‍ എന്നെ പോലെ ഒരാളെ പരിചരിച്ചു കൂടെ നിന്ന് എന്റെ കാര്യങ്ങള്‍ നല്ല രീതിയില്‍ ചെയ്തു തരുന്നത് അവള്‍ക്ക് എന്നോടുള്ള ആഘാതമായ സ്നേഹം കൊണ്ട് മാത്രമാണ്.

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കഴിയുന്ന ഈ ജീവിതത്തില്‍ എന്റെ പ്രണയം നെഞ്ചോട് ചേര്‍ത്ത് പിടിച്ച് പ്രിയസഖിക്ക് ഒരായിരം വിവാഹ വാര്‍ഷിക ആശംസകള്‍’പ്രണവ് ഫേസ്ബുക്കില്‍ കുറിച്ചു.

വിവാഹം ഒരു സ്വപ്നം മാത്രമായിരുന്ന തന്റെ ജീവിതത്തിലേയ്ക്കാണ് ദൈവം അയച്ച മാലാഖയെപ്പോലെ ഷഹാന വന്നത്. ജാതിയോ മതമോ കുറവുകളോ നോക്കാതെ തന്നെ ഷഹാന ചേര്‍ത്തു പിടിച്ചെന്നും പ്രണവ് പറഞ്ഞിരുന്നു.