വിദ്യാർത്ഥികൾക്ക് നന്മ ഉപദേശിച്ച് നൽകേണ്ടവരാണ് അധ്യാപകർ. എന്നാൽ അവരെ അപായപ്പെടുത്തുന്ന ചുരുക്കം ചില അധ്യാപകരും സമൂഹത്തിൽ ഉണ്ട്. വിദ്യാർത്ഥികളെ മാനസികമായി സമ്മർദ്ദത്തിലാ ക്കുന്ന പ്രവർത്തികളും ചില അധ്യാപകാരുടെ ഭാഗത്ത് നിന്നും ഉണ്ടാകാറുണ്ട്. അത്തരം ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത് സ്‌കൂളില്‍ ക്രിസ്തീയ പ്രാര്‍ഥന ചൊല്ലാൻ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ട ക്രിസ്ത്യാനി ആയ പ്രിൻസിപ്പലിനെ വളഞ്ഞിട്ട് തല്ലിയിരിക്കുകയാണ്‌ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍. മഹാരാഷ്ട്രയിലെ തലേഗാവില്‍ സ്കൂള്‍ പ്രിൻസിപ്പാള്‍ അലക്സാണ്ടറിനാണ് മര്‍ദനമേറ്റത്. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ പരാതി പ്രകാരമാണ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രിൻസിപ്പലിനെ മര്‍ദിച്ചത്. സംഭവത്തിന് പിന്നാലെ രക്ഷിതാക്കളുടെ പരാതിയില്‍ പ്രിൻസിപ്പല്‍ അലക്സാണ്ടറിനെതിരെ പൊലീസ് അന്വേഷണം തുടങ്ങി.

വിദ്യാര്‍ഥികളോട് ക്രിസ്തീയ പ്രാര്‍ഥന ചൊല്ലാൻ പ്രിൻസിപ്പാള്‍ ആവശ്യപ്പെട്ടെന്നാരോപിച്ചായിരുന്നു മര്‍ദനം. തലേഗാവ് ദബാഡെയിലെ ഡി.വൈ പാട്ടീല്‍ സ്കൂള്‍ പ്രിൻസിപ്പലിനെ മഹാരാഷ്ട്രയിലെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ സ്കൂളിനുള്ളില്‍ കടന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയരുകയാണ്.

കുട്ടികളോട് ക്രിസ്തീയ പ്രാര്‍ഥന ചൊല്ലാൻ ആവശ്യപ്പെട്ടെന്നും ഹൈന്ദവ ആഘോഷങ്ങള്‍ക്ക് അവധി നല്‍കുന്നില്ലെന്നും പെണ്‍കുട്ടികളുടെ ടോയ്‌ലറ്റില്‍ സി.സി.ടി.വി ക്യാമറ സ്ഥാപിച്ചെന്നും രക്ഷിതാക്കളുടെ പരാതിയില്‍ പറയുന്നു.ക്രിസ്ത്യൻ വിശ്വാസം അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ് പ്രിൻസിപ്പല്‍ നടത്തുന്നതെന്ന് അക്രമികള്‍ ആരോപിച്ചു. എന്നാല്‍ ആരോപണങ്ങള്‍ സ്കൂള്‍ മാനേജ്മെന്‍റ് നിഷേധിച്ചിരിക്കുകയാണ്. പ്രിൻസിപ്പലിനെ പിരിച്ചുവിടാൻ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ സ്കൂള്‍ മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പ്രിൻസിപ്പല്‍ അവധിയില്‍ പ്രവേശിച്ചതായാണ് വിവരം.