കഴിഞ്ഞിടയ്ക്കായിരുന്നു സുരേഷ് ഗോപി നായകനായി എത്തിയ കാവൽ സിനിമ റിലീസ് ചെയ്തത്. തീയറ്ററിൽ എത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ആരാധകരുടെ ഇടയിൽ നിന്നും ലഭിച്ചത്. പഴയ സുരേഷ് ഗോപിയെ വീണ്ടും കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു ആരാധകർ. രഞ്ജി പണിക്കരിന്റെ മകൻ നിതിൻ രഞ്ജി പണിക്കരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ റേച്ചൽ ഡേവിഡും പ്രധാന കഥാപാത്രമായി എത്തിയിട്ടുണ്ട്. ഇന്നിപ്പോൾ കാവലിൽ എത്തിയതിനെ കുറിച്ച് തുറന്നു പറയുകയാണ് റേച്ചൽ. “2019 ൽ ആണ് കാവലിലേക്ക് എന്നെ വിളിക്കുന്നത്. പ്രൊഡക്‌ഷൻ കൺട്രോളർ വിളിച്ച് നിധിൻ രൺജി പണിക്കരുടെ അടുത്ത സിനിമയുടെ കഥ കേൾക്കാൻ വരണം എന്നുപറഞ്ഞു. ഞാൻ കൊച്ചിയിൽ എത്തി കഥ കേട്ട് ഓക്കേ പറഞ്ഞപ്പോഴാണ് അറിഞ്ഞത് സുരേഷ് ഗോപി സർ ആണ് എന്നെ ഈ സിനിമയിലേക്ക് ശുപാർശ ചെയ്തതെന്ന്.

അദ്ദേഹത്തിന് എന്റെ ആദ്യത്തെ ചിത്രം കണ്ട് ഇഷ്ടപ്പെട്ടിരുന്നു. അങ്ങനെയാണ് ചിത്രത്തിൽ എത്തിയത്. കഥ കേട്ടപ്പോൾത്തന്നെ കഥാപാത്രം എനിക്ക് വളരെ ഇഷ്ടപ്പെട്ടിരുന്നു. ഞാൻ എന്താണോ അതിന്റെ വിപരീതമാണ് റേച്ചൽ. ബെംഗളൂരുവിൽ ജനിച്ചു വളർന്ന എനിക്ക് കേരളത്തിലെ ജീവിതത്തെപ്പറ്റി ഒന്നും അറിയില്ല. റേച്ചൽ ആണെങ്കിൽ പുറംലോകത്തെപ്പറ്റി ഒന്നും അറിയാത്ത മലയോര ഗ്രാമത്തിലെ ഒരു പെൺകുട്ടി. കഥാപാത്രത്തെപ്പറ്റി പഠിക്കാൻ ഞാൻ കട്ടപ്പനയിൽ പോയി താമസിച്ചു. അവിടെയുള്ള കുടുംബത്തിനോടൊപ്പം പത്തു ദിവസം താമസിച്ചിരുന്നു. അവിടെ രണ്ടു ചേച്ചിമാരുണ്ടായിരുന്നു അവരോടൊപ്പം വീട്ടിലെ ജോലികളെല്ലാം ചെയ്തു, അടുത്ത വീടുകളിൽ പാല് കൊടുക്കാൻ പോയി, മുറ്റമടിച്ചു, ആഹാരം ഉണ്ടാക്കാൻ പഠിച്ചു, പാത്രം കഴുകി,

അവരോടൊപ്പം രാവിലെ പള്ളിയിൽ പോയി, വസ്ത്രങ്ങൾ നനച്ചു, അവരുടെ വസ്ത്രങ്ങൾ ധരിച്ചു, അങ്ങനെ അവരുടെ ഒരു കുട്ടിയായി അവിടെ ജീവിച്ചു. ആ വീട്ടിലെ അമ്മ തയ്യൽജോലി ചെയ്യുന്ന ആളാണ്. അവരുടെ രീതികളും കണ്ടു മനസ്സിലാക്കി അങ്ങനെയാണ് ഞാൻ റേച്ചൽ ആയി മാറിയത്. ഞങ്ങൾ താമസിച്ച ഉടുമ്പൻചോല വളരെ ചെറിയ ഒരു സ്ഥലമാണ്. പല സ്ഥലങ്ങളിലും വൈദ്യുതിയോ മൊബൈൽ കണക്‌ഷനോ ഇല്ല. ഭയങ്കര തണുപ്പായിരുന്നു അവിടെ. ഞങ്ങൾ രാവിലെ എഴുന്നേറ്റു നടക്കാൻ പോകുമായിരുന്നു. അവരോടൊപ്പം ഒരു വിവാഹത്തിനും ഒരു മരണാനന്തര ചടങ്ങിനും പങ്കെടുത്തു. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കുറച്ചു ദിവസങ്ങളായിരുന്നു അത്. ആ പത്തു ദിവസം കൊണ്ട് ജീവിതം ഒരുപാടു പഠിച്ചു.” എന്നായിരുന്നു റേച്ചൽ പറഞ്ഞത്.