ഇന്ത്യൻ സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളായ ബാഹുബലി സീരിസിന് ശേഷം എസ് എസ് രാജമൗലി ഒരുക്കിയ ആർ ആർ ആർ ആണ് ഇന്ന് ലോകം മുഴുവൻ റിലീസ് ചെയ്ത ഇന്ത്യൻ ചിത്രം. മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ ഭാഷകളിൽ പുറത്തു വന്ന ഈ ചിത്രം ഒരുപാടു നാളായി ഇന്ത്യൻ സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന ചിത്രമാണ്. കെ വി വിജയേന്ദ്ര പ്രസാദ് രചിച്ച കഥയെ ആസ്പദമാക്കി എസ് എസ് രാജമൗലി തന്നെ തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചത് ഡിവിവി എന്റെർറ്റൈന്മെന്റ്സ് ആണ്. അഞ്ഞൂറ് കോടിക്ക് മുകളിൽ മുതൽ മുടക്കി നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ ജൂനിയർ എൻ ടി ആർ, റാം ചരൺ, ആലിയ ഭട്ട്, അജയ് ദേവ്‌ഗൺ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ ആക്ഷൻ ചിത്രം എന്ന അവകാശവാദവുമായി ആണ് ഈ ചിത്രം റിലീസ് ചെയ്തത്. അതുകൊണ്ട് തന്നെ പ്രേക്ഷകരുടെ മനസിൽ സൃഷ്ടിക്കപ്പെട്ട പ്രതീക്ഷകളോട് പൂർണ്ണമായും നീതി പുലർത്താൻ ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം.

ബാഹുബലി സീരിസിന് ശേഷം, ലോക സിനിമയ്ക്കു മുന്നിൽ ഒരിക്കൽ കൂടി ഇന്ത്യൻ സിനിമയ്ക്കു ഉയർത്തി കാണിക്കാൻ ഉതകുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രം തന്നെയാണ് എസ് എസ് രാജമൗലി എന്ന സംവിധായകൻ ഇത്തവണയും എത്തിച്ചിരിക്കുന്നത്. അത്ര പ്രൗഢ ഗംഭീരമായ രീതിയിലാണ് ഈ ഇതിഹാസ തുല്യമായ പീരീഡ്‌ ഡ്രാമ അദ്ദേഹം പ്രേക്ഷകരുടെ മുന്നിലെത്തിച്ചിരിക്കുന്നതു. അത്യന്തം ആവേശകരമായ രീതിയിൽ ഒരുക്കിയ ചിത്രത്തിൽ വൈകാരികവും തീവ്രവുമായ രംഗങ്ങൾ ഒരുക്കുന്നതിൽ സംവിധായകൻ പൂർണ്ണമായും വിജയിച്ചു എന്ന് പറയാം. ആദ്യാവസാനം മികച്ച വേഗതയിൽ മുന്നോട്ടു നീങ്ങിയ ചിത്രത്തിൽ വമ്പൻ ആക്ഷൻ രംഗങ്ങളും സമര രംഗങ്ങളുമുണ്ട് എന്നതും ചിത്രത്തിന്റെ മാറ്റു കൂട്ടുന്നു. ബാഹുബലി സീരിസിൽ നമ്മൾ കണ്ടതിനേക്കാളും മികച്ച രീതിയിൽ ഒരുക്കിയ വി എഫ് എക്സ് ആർ ആർ ആർ എന്ന ഈ ചിത്രത്തെ കൂടുതൽ വലിയ ഒരു ദൃശ്യ വിസ്മയമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. അതിനോടൊപ്പം ഗംഭീരമായ ശബ്ദ മിശ്രണവും കൂടി ചേർന്നപ്പോൾ ആർ ആർ ആർ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സാങ്കേതിക പൂർണതയുള്ള ചിത്രമായി മാറി എന്ന് പറയാം.

ജൂനിയർ എൻ ടി ആർ, റാം ചരൺ എന്നിവർ കോമരം ഭീം, അല്ലൂരി സീതാരാമ രാജു എന്നീ കഥാപാത്രങ്ങളായി മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. ഓരോ ചെറു ചലനങ്ങളിൽ പോലും കഥാപാത്രമായി മാറാൻ ഇവർ രണ്ടു പേരും എടുത്ത പ്രയത്നം ഏറ്റവും മികച്ച ഫലം തന്നെ നൽകി എന്നുള്ളത് സംശയമില്ലാതെ തന്നെ പറയാം. പ്രകടന മികവിൽ ജൂനിയർ എൻ ടി ആർ ഒരുപടി മുന്നിൽ നിന്നു എന്നതാണ് സത്യം. അത് പോലെ തന്നെ ആലിയ ഭട്ട്, അജയ് ദേവ്‌ഗൺ എന്നിവർ കാഴ്ച വെച്ച പ്രകടനവും ചിത്രത്തിന്റെ മികവിൽ നിർണ്ണായകമായി മാറി. ഒളിവിയ മോറിസ്, സമുദ്രക്കനി എന്നിവരുടെ പ്രകടനങ്ങൾ പ്രേത്യേകം അഭിനന്ദിക്കപ്പെടേണ്ടതാണ്. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച അല്ലിസോൺ ഡൂഡി, റേ സ്റ്റീവൻസൺ, ശ്രിയ ശരൺ, ഛത്രപതി ശേഖർ, രാജീവ് കനകാല, രാഹുൽ രാമകൃഷ്ണ, എഡ്‌വേഡ്‌ എന്നിവരും തങ്ങളുടെ മികച്ച പ്രകടനം തന്നെ ഈ ബ്രഹ്മാണ്ഡ ചിത്രത്തിനായി നൽകി.ചുരുക്കി പറഞ്ഞാൽ, ആർ ആർ ആർ, ഇന്ത്യൻ സിനിമ ഇത് വരെ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും വലിയ ദൃശ്യ വിസ്മയം തന്നെയാണ്. ഏതു അർഥത്തിലും ഏറ്റവും മികച്ച ഒരു ദൃശ്യാനുഭവമാണ് ഈ രാജമൗലി ചിത്രവും നമ്മുക്ക് നൽകുന്നത്.