തെന്നിന്ത്യയിൽ നിരവധി പ്രണയവിവാഹങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ വിവാഹമായിരുന്നു നടൻ ആര്യയുടെയും നടി സയേഷയുടെയും. 39മത് വയസ്സുവരെ അവിവാഹിതനായിരുന്നു ആര്യ. സുന്ദരിമാരായ പെൺകുട്ടികൾ അടക്കം നിരവധി ആരാധകരുള്ള നടൻ കൂടിയാണ് ആര്യ. മലയാളി ആയിട്ടും സയേഷ തമിഴ് സിനിമകളിലൂടെയാണ് ശ്രദ്ധനേടുന്നത്. അറിന്തും അറിയാമലും എന്ന സിനിമയിലൂടെ ആര്യയുടെ നടൻ ആയുള്ള രംഗപ്രവേശം 2005 ലായിരുന്നു. ആദ്യ സിനിമ റിലീസ് ചെയ്ത സമയത്ത് താരത്തിന്റെ യഥാർത്ഥ പേര് ജംഷാദ് എന്നാണ്.


സിനിമയിൽ മുഖം കാണിച്ചു തുടങ്ങിയ ശേഷമാണ് അത് ആര്യ എന്നാക്കി മാറ്റിയത്.കളഭ കാതലൻ, മായക്കണ്ണാടി, നാൻ കടവുൾ, ബോസ് എൻഗിര ഭാസ്കരൻ സേട്ടൈ, രാജാറാണി, കാപ്പാൻ,ടെഡി, സർപെട്ട പരമ്പരയ്,എനിമി തുടങ്ങിയവയാണ് ആര്യയുടെ റിലീസ് ചെയ്ത ഏറ്റവും ഹിറ്റ് ചിത്രങ്ങൾ. സുഹൃത്തുക്കളുടെ എല്ലാം വിവാഹം നടന്നിട്ടും ആര്യ വിവാഹിതനായിരുന്നില്ല. പെട്ടെന്നൊരു ദിവസം ആണ് നടൻ വധുവിനെ കണ്ടെത്താൻ റിയാലിറ്റി ഷോ നടത്താൻ പോകുന്നുവെന്ന അറിയിപ്പ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്.കളർസ് തമിഴിലാണ് 2018 റിയാലിറ്റി ഷോ അരങ്ങേറിയത്. തെന്നിന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമായി നിരവധി പേർ മത്സരത്തിൽ പങ്കെടുത്തു.


അവസാന റൗണ്ടിലെത്തിയ പെൺകുട്ടികളിൽ നിന്നും വധുവിനെ കണ്ടെത്താൻ തനിക്ക് സാധിക്കാതെ ആര്യ പെട്ടെന്ന് തന്നെ റിയാലിറ്റി ഷോ അവസാനിപ്പിക്കുകയായിരുന്നു. അതിൻറെ പേരിൽ വലിയ വിവാദങ്ങളും അന്ന് നടന്നിരുന്നു. വിവാദങ്ങൾ ചെറുതായി ഒന്ന് കെട്ടടങ്ങിയപ്പോൾ ആണ് സയേഷയെ വിവാഹം ചെയ്യാൻ പോവുകയാണ് എന്ന് ആര്യ അറിയിച്ചത്. കോളിവുഡിലെ ഏറെ താര പകിട്ടാർന്ന വിവാഹമായിരുന്നു ആര്യയുടെയും സയേഷയുടെയും. 2019 മാർച്ച് 11ന് ഹൈദരാബാദിലെ ഒരു കൊട്ടാരത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹ ആഘോഷ ചടങ്ങുകൾ നടന്നത്. 39 കാരനായ ആര്യ 22 കാരിയായ സയേഷയെ വിവാഹം ചെയ്യുന്നതും അന്ന് വാർത്തകളിൽ ഇടംപിടിച്ച ഒന്നായിരുന്നു. ഇരുവരുടെയും പ്രായവ്യത്യാസം തന്നെയായിരുന്നു സംഭവം ചർച്ചയിലേക്ക് നീങ്ങാൻ കാരണമായത്. പ്രായവ്യത്യാസം ചൂണ്ടിക്കാട്ടി താരങ്ങളെ ആളുകളും ആരാധകരും പരിഹസിച്ചു എങ്കിലും അതൊന്നും വകവെക്കാതെ മൂന്ന് വർഷമായി മനോഹര ദാമ്പത്യ ജീവിതം നയിച്ചു വരികയാണ് ഈ താര ദമ്പതിമാർ.


രജനീഗാന്ത് എന്ന സിനിമയിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലായത് എന്ന് പലരും കരുതി. എന്നാൽ സിനിമയുടെ ചിത്രീകരണ വേളയിൽ ഇരുവരും നല്ല സുഹൃത്തുക്കൾ മാത്രമായിരുന്നു. ചിത്രത്തിന് ശേഷമാണ് താൻ സയേഷയും ആയി പ്രണയത്തിലായത് എന്ന് ഒരു അഭിമുഖത്തിൽ ആര്യ വെളിപ്പെടുത്തിയിരുന്നു. സയേഷയുടെ പക്വതയാണ് ആര്യയെ ആകർഷിച്ചതെന്ന് ആര്യ തന്നെ വെളിപ്പെടുത്തിയ കാര്യമാണ്. മൂന്നാം വിവാഹ വാർഷികത്തിൽ പരസ്പരം ആശംസകൾ നേർന്ന് ആര്യയും സയേഷയും സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ഞാൻ എന്നേക്കും സ്നേഹിക്കുകയും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തിക്ക് വാർഷിക ആശംസകൾ… ഈ ലോകത്തിലെ ഏറ്റവും മികച്ച ഭർത്താവും അച്ഛനും നിങ്ങളാണ്. എന്നെന്നേക്കുമായി നിങ്ങളെ മുറുകെപ്പിടിക്കുന്നു എന്നായിരുന്നു സയേഷ കുറിച്ചത്. എൻറെ ഏറ്റവും നല്ല പങ്കാളിക്ക് ആശംസകൾ എന്നാണ് ആര്യ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നത്.