കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് അന്ത്യകര്‍മങ്ങള്‍ക്കായി വിട്ടു നല്‍കുമ്പോള്‍ മാതാപിതാക്കള്‍ കൈവിലങ്ങണിയിക്കപ്പെട്ട നിലയിലായിരുന്നു.സ്വന്തം കുഞ്ഞിന്റെ അന്ത്യകര്‍മങ്ങള്‍ക്ക് റോഹിങ്ക്യൻ ദമ്പതികളെ കൈവിലങ്ങണിയിച്ച്‌ കൊണ്ടുവന്നതിനെതിരെ വൻ പ്രതിഷേധം കൊടുമ്പിരി കൊള്ളുകയാണ്.ശ്രീനഗറിലെ റോഹിങ്ക്യൻ ക്യാമ്പിലുള്ള നുമിന ബീഗം, ഭര്‍ത്താവ് മുഹമ്മദ് സലീം എന്നിവരെയും ഇവരുടെ 17 വയസുള്ള മകനെയുമാണ് പൊലീസ് കൈവിലങ്ങണിയിച്ച്‌ കൊണ്ടുവന്നത്. 40 ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് അന്ത്യകര്‍മങ്ങള്‍ക്കായി വിട്ടു നല്‍കുമ്പോള്‍ മാതാപിതാക്കള്‍ കൈവിലങ്ങണിയിക്കപ്പെട്ട നിലയിലായിരുന്നു. തുടര്‍ന്ന് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചതും ഇതേ അവസ്ഥയിലായിരുന്നു. തടങ്കൽ കേന്ദ്രത്തിൽ പൊലീസ് കണ്ണീര്‍ വാതകം ഉപയോഗിച്ചിരുന്നു. ഇത് ശ്വസിച്ചാണ് കുഞ്ഞ് മരിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. കൈവിലങ്ങണിയിക്കപ്പെട്ട നിലയിലാണ് മുഹമ്മദ് സലീം കുഞ്ഞിന്റെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച്‌ ദേശിയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് എന്റെ ഇന്ത്യയല്ല, പീഡിപ്പിക്കപ്പെടുന്നവര്‍ക്ക് അഭയം നല്‍കുന്നതാണ് ചരിത്രത്തിലുടനീളം ഇന്ത്യയുടെ പാരമ്പര്യമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ജവഹര്‍ സിര്‍കാര്‍ ട്വീറ്റ് ചെയ്തു. മധ്യേഷ്യൻ ഗോത്രവിഭാഗങ്ങള്‍ക്കും തെക്കു കിഴക്കൻ ഏഷ്യക്കാര്‍ക്കും ജൂതൻമാര്‍ക്കും പാഴ്‌സികള്‍ക്കും എല്ലാം ഇന്ത്യ അഭയം നല്‍കി.

റോഹിങ്ക്യകള്‍ ഹിന്ദുക്കളായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. ജൂലൈ 18ന് തടങ്കല്‍ കേന്ദ്രത്തില്‍ അഭയാര്‍ഥികളും ജീവനക്കാരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കുഞ്ഞ് ജനിച്ചത് മുതല്‍ ആവശ്യമായ പരിചരണം കുഞ്ഞിന് ലഭിച്ചിരുന്നില്ലെന്നും അതുകൊണ്ടാണ് മരിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. കുട്ടിക്ക് എന്തോ അസുഖം ഉണ്ടായിരുന്നുവെന്നും സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം തടങ്കല്‍ കേന്ദ്രത്തില്‍വെച്ച് മരിക്കുകയായിരുന്നു എന്നുമാണ് തടങ്കല്‍ കേന്ദ്രത്തിന്റെ ചുമതലയുള്ള കത്വ ജില്ലാ ജയില്‍ സൂപ്രണ്ട് കൗശല്‍ കുമാര്‍ പറഞ്ഞത്.അതേസമയം കണ്ണീര്‍ വാതകം ഉപയോഗിച്ചെന്ന ആരോപണം നിഷേധിക്കാൻ പൊലീസ് തയ്യാറായിട്ടുമില്ല. പെരുന്നാളിന് ശേഷം തങ്ങളെ അനധികൃതമായി തടങ്കലില്‍ വെച്ചതില്‍ പ്രതിഷേധിച്ച് റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ നിരാഹാര സമരം നടത്തിയിരുന്നു. ഒന്നുകില്‍ തങ്ങളെ ഇന്ത്യയില്‍ മോചിപ്പിക്കപ്പെടുകയോ, ഇന്ത്യ വിടാന്‍ അനുവദിക്കുകയോ ചെയ്യണമെന്നും അല്ലെങ്കില്‍ അവസാനത്തെ ആശ്രയമായി നാടുകടത്തുകയോ ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം. ഈ സമരത്തിനു നേരെയാണ് പൊലിസ് അക്രമമഴിച്ചുവിട്ടത്.ആക്രമണത്തിനിരയായ അഭയാര്‍ഥികളില്‍ ഗര്‍ഭിണികളും ഭിന്നശേഷിക്കാരും അടിയന്തര പരിചരണവും ശ്രദ്ധയും ആവശ്യമുള്ള രോഗികളും പ്രായമായവരുമുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഉത്തര്‍പ്രദേശിലും റോഹിങ്ക്യകള്‍ക്കെതിരെ ആസൂത്രിതമായ വേട്ടയാടലാണ് നടക്കുന്നത്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തുന്ന റെയ്ഡില്‍ മഥുര, അലിഗഡ്, ഗാസിയാബാദ്, ഹപൂര്‍, മീററ്റ്, സഹാറൻപൂര്‍ എന്നിവിടങ്ങളിലെല്ലാം നിരവധിപേരെയാണ് അറസ്റ്റ് ചെയ്തത്. റെയ്ഡ് നടത്തിയെന്ന് യു.പി തീവ്രവാദ വിരുദ്ധ സേന സ്ഥിരീകരിച്ചിട്ടുണ്ട്. അനധികൃത താമസക്കാരായ 74 പേരെ അറസ്റ്റ് ചെയ്‌തെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഇരുനൂറോളം പേരെ പിടിച്ചുകൊണ്ടുപോയതായി റോഹിങ്ക്യ ഹ്യൂമൻ റൈറ്റ്‌സ് ഇനീഷ്യേറ്റീവ് ഭാരവാഹികള്‍ പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി കാര്‍ഡ് ഉള്ളവരെയടക്കം പിടിച്ചു കൊണ്ടു പോയെന്നും ഇവര്‍ ആരോപിക്കുന്നു. 2012ലാണ് സലിം മുഹമ്മദും ഭാര്യയും ജമ്മുവിലെത്തിയത്. യു.എന്‍ നല്‍കിയ അഭയാര്‍ഥി കാര്‍ഡുകള്‍ പരിശോധിക്കുന്നതിനിടെയാണ് ദമ്പതികളെയും മൂത്ത മകനെയും പൊലീസ് അറസ്റ്റ് ചെയ്തത്. റോഹിങ്ക്യകളെ അഭയാര്‍ഥികളായി തുടരാന്‍ അനുവദിക്കുന്ന യു.എന്‍.എച്ച്.സി.ആര്‍ കാര്‍ഡ് സലീമിന് ഉണ്ടായിരുന്നു എന്നാണ് ഇവരുടെ ബന്ധുക്കൾ പറയുന്നത്.