വിവാഹ ദിനം തന്നെ വിവാഹം മുടങ്ങിപ്പോകുന്ന പല സംഭവങ്ങളും മിക്ക നാട്ടിലും ഉണ്ടാകാറുണ്ട്. അത്തരത്തിൽ ഒരു വിവാഹം മുടങ്ങിപ്പോയതിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയില്‍ ആണ് ഈ സംഭവം. വിവാഹാഘോഷങ്ങള്‍ക്കിടയില്‍ വധുവിന്റെ അമ്മ പുകവലിക്കുകയും ഡിജെ ഗാനങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുകയും ചെയ്യുന്നത് കണ്ട വരനാണ് വിവാഹം വേണ്ടെന്ന്  വെച്ചത്. ജൂണ്‍ 27-നായിരുന്നു സരയാട്രിനില്‍ നിന്നുള്ള യുവാവും രാജ്‌പുരയില്‍ നിന്നുള്ള പെണ്‍കുട്ടിയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്.

വിവാഹത്തിനു മുന്നോടിയായി ഉള്ള എല്ലാ ചടങ്ങുകളും വളരെ ഗംഭീരമായി നടത്തിയിരുന്നു. എന്നാല്‍ വിവാഹ ദിവസത്തിലെ ആഘോഷങ്ങള്‍ക്കിടയില്‍ വധുവിന്റെ അമ്മ പുകവലിക്കുകയും ഗാനത്തിനൊപ്പം നൃത്തം വയ്ക്കുകയും ചെയ്തു. ഇത് വരനെ വല്ലാതെ ചൊടിപ്പിച്ചു. ആഘോഷമായി വരനെ അതിഥികള്‍ക്കൊപ്പം മണ്ഡപത്തിലേക്ക് സ്വീകരിക്കുന്ന ചടങ്ങുകള്‍ നടക്കുന്നതിനിടയിലാണ് വധുവിന്റെ അമ്മ സിഗരറ്റ് വലിച്ചു കൊണ്ട് ഡിജെ ഗാനത്തിനൊപ്പം നൃത്തം വെച്ചത്. ഇതില്‍ അസംതൃപ്തനായ വരൻ ഉടൻ തന്നെ വിവാഹ ചടങ്ങുകള്‍ നിര്‍ത്തിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ തന്നെ താൻ വിവാഹത്തില്‍ നിന്നും പിന്മാറുന്നതായി അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരു വീട്ടുകാരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടാവുകയും വരനും കൂട്ടരും മടങ്ങാനും തീരുമാനിച്ചു. ഒടുവില്‍ ഇരു വീട്ടുകാരും ചേര്‍ന്ന് പ്രശ്ന പരിഹാരത്തിനായി ചര്‍ച്ച നടത്തിയ  ശേഷം ഇരുവിഭാഗവും വിവാഹവുമായി മുൻപോട്ടു പോകാൻ തീരുമാനിക്കുകയും ചെയ്തു.