പാത്തിപാലത്ത് ഒന്നരവയസുകാരിയെ മുങ്ങി മരിച്ച നിലയിൽ കണ്ടത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി കുട്ടിയുടെ മാതാവ് .കുട്ടിയുടെ പിതാവ് ഷിജു തന്നെയും കുട്ടിയേയും വെള്ളത്തിലേക്ക് തള്ളിയിടുകയായിരുന്നു എന്നാണ് കുട്ടിയുടെ മാതാവ് സോനാ പറയുന്നത് .പ്രതിക്കായി പോലീസ്  തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.പാത്തിപ്പാലം വള്ള്യായി റോഡില്‍ ജല അതോറിറ്റി ഭാഗത്തെ പുഴയില്‍ വീണ നിലയിലാണ് സോനയെയും കുഞ്ഞിനെയും കണ്ടത്.

ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് സംഭവം നടക്കുന്നത് . തലശ്ശേരി കോടതി ജീവനക്കാരന്‍ .ഷിജുവിന്റെ ഭാര്യയും ഈസ്റ്റ് കതിരൂര്‍ എല്‍.പി. സ്‌കൂള്‍ അധ്യാപികയുമായ സോന  യും മകള്‍ ഒന്നരവയസ്സുകാരി അന്‍വിതയുമാണ് പുഴയില്‍ വീണത്.ഷിജുവിന്റെ ബൈക്കിലായിരുന്നു ഇവർ മൂന്നുപേരും കുടി പുഴക്കരയിൽ എത്തിയിരുന്നത് .ഭാര്യയെയും കുഞ്ഞിനേയും പുഴയിലേക്ക് തള്ളിയിട്ടതിന് ശേഷം ഷിജു ഓടി രക്ഷപെടുകയായിരുന്നു .പ്രതിയുടെ ബൈക്ക് പുഴക്കരയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട് .

പുഴയിൽ വീണ സോനയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് സോനയെ രക്ഷപെടുത്തിയത് .കുഞ്ഞിനായി നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല .തുടർന്ന് ഫയർ ഫോഴ്‌സിനെ വിവരമറിയിച്ചു .ഫയർഫോഴ്‌സ് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് .സോനയുടെ ഭര്‍ത്താവ് ഷിജുവിനെ  ഇതുവരെയും കണ്ടെത്തിയിട്ടില്ല. ഇയാളുടെ മൊബൈല്‍ ഫോണ്‍ ഓഫായ നിലയിലാണ്.ഇയാളെ കണ്ടെത്തിയാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിക്കു എന്ന് പോലീസ് അറിയിച്ചു .പ്രതിയെ പിടിക്കാനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട് .