കഴിഞ്ഞ ദിവസം സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിൽ കേരളത്തിൽ വീണ്ടും തുടർഭരണം ലഭിച്ചതിന്റെ ആഹ്ലാദ പ്രകടനത്തിന്റെ ഭാഗമായി വലിയ രീതിയിൽ ഉള്ള കരിമരുന്ന് പ്രയോഗം നടത്തിയിരുന്നു. ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരാടി. തന്റെ ഫേസ്ബുക്കിൽ കൂടിയാണ് ഹരീഷ് അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം,

‘പാവപ്പെട്ട സഖാക്കൾ അവരവരുടെ വീട്ടിലിരുന്ന് വിളക്ക് കത്തിച്ച് സന്തോഷം പങ്കുവെച്ച് വിജയദിനം ആഘോഷിച്ചതു മനസ്സിലാക്കാനുള്ള കമ്യൂണിസമേ എനിക്കറിയുകയുള്ളു…പിപിഇ കിറ്റ് അണിഞ്ഞ് ആബുലൻസിന്റെ സമയത്തിന് കാത്തു നിൽക്കാതെ ബൈക്കിൽ കൊണ്ടുപോയി ഒരു കോവിഡ് രോഗിയുടെ ജീവൻ രക്ഷിച്ച രണ്ട് ഡിവൈഎഫ്ഐ സഖാക്കളുടെ കമ്യൂണിസം എനിക്ക് 101 ശതമാനവും മനസ്സിലാക്കാൻ പറ്റുന്നുണ്ട്.

38460 രോഗികൾ പുതുതായി ഉണ്ടായ ദിവസം 54 മരണങ്ങൾ നടന്ന ദിവസം ഉത്തരവാദിത്വപ്പെട്ട ഒരു പാർട്ടി ആസ്ഥാനത്തെ കരിമരുന്ന് പ്രയോഗം മനസ്സിലാക്കാനുള്ള കമ്യൂണിസ്റ്റ് വളർച്ച എനിക്കില്ല…ഒരു പാട് പേജുകൾ ഉള്ള തടിച്ച പുസ്തകങ്ങൾ വായിക്കാത്തതിൻ്റെ കുഴപ്പമാണ്…ക്ഷമിക്കുക.’ എന്നുമാണ് ഹരീഷ് കുറിച്ചിരിക്കുന്നത്.