അക്ഷരാർത്ഥത്തിൽ മലയാള സിനിമക്ക് ലഭിച്ച വരദാനം തന്നെയാണ് ഷൈനി സാറയെന്ന അഭിനേത്രി.ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ഭീമന്റെ വഴിയിലെ ഭീമന്റെ അമ്മ വേഷം ഉൾപ്പെടെയുള്ള റോളുകളിലെ അവരുടെ അഭിനയം അതിന് അടിവരയിടുന്നു..ഏത് റോളും ഏറ്റവും പെർഫെക്ഷനിൽ ചെയ്യാനുള്ള ഷൈനിയുടെ വൈഭവം ചെറുതും വലുതുമായി 60ഓളം സിനിമകളിൽ ഇതിനോടകം മലയാളി പ്രേക്ഷകർ കണ്ടു കഴിഞ്ഞു.റിലീസിന് ഒരുങ്ങുന്ന ഒരു ഡസൻ സിനിമകളുൾപ്പടെ നിരവധി വേഷങ്ങൾ വഴി മലയാളസിനിമയിലെ തിരക്കുള്ള ക്യാരക്ടർ ആർട്ടിസ്റ്റായി പരിണമിക്കുകയാണ് ഈ നടി അഭിനേത്രിയെന്ന മേൽവിലാസത്തിലാണ് ഇപ്പോൾ തിളങ്ങുന്നതെങ്കിലും സംവിധാനസഹായിയിട്ടാണ് ഷൈനി സാറയുടെ മലയാള സിനിമയിലേക്കുള്ള രംഗപ്രവേശം എന്നത് ചിലർക്കെങ്കിലും ഇപ്പോഴും അജ്ഞാതമായ വസ്തുതയാണ്..സംവിധായകൻ ജയരാജിന്റെ സംവിധാനസഹായിയായി പ്രവർത്തിച്ചു കൊണ്ടാണ് ഷൈനി സാറ മലയാള സിനിമയിൽ ചുവടുറപ്പിക്കുന്നത്..

സംവിധാനം പഠിക്കാൻ മലയാളസിനിമയിൽ കാലുകുത്തിയ ഷൈനി,ഇന്ന് മലയാളസിനിമയിലെ ഏറ്റവും തിരക്കുള്ള ക്യാരക്ടർ ആർട്ടിസ്റ്റുകളിൽ ഒരാളായി മാറിയെന്നത് ശരിക്കും കൗതുകം ജനിപ്പിക്കുന്ന സംഗതിയാണ് ഭീമന്റെ വഴി,കേശു ഈ വീടിന്റെ നാഥൻ എന്നീ സിനിമകളാണ് ഷൈനിയുടേതായി ഏറ്റവും ഒടുവിൽ റിലീസായ മലയാളസിനിമകൾ മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്ത് മാറഞ്ചേരി എന്ന ഗ്രാമത്തിലാണ് ഷൈനി രാജൻ എന്ന ഷൈനി സാറയുടെ ജനനം (അമ്മ സാറാമ്മയോടുള്ള ആദരവും സ്നേഹവുമാണ് ഷൈനിയുടെ പേരിന്റെ തുമ്പത്ത് ഇന്ന് പ്രേക്ഷകർ കാണുന്ന സാറ എന്ന നാമം) ഷൈനിയുടെ വീടിന് തൊട്ടടുത്താണ് മാറഞ്ചേരിയിലെ പ്രശസ്തമായ ജിഷാർ ടാക്കീസ്..തീയേറ്ററിലേക്ക് കേവലം ഒരു മുള്ളുവേലിയുടെ മാത്രം അകലം..വീട്ടിനകത്ത് ബഹളങ്ങൾ ഉണ്ടാക്കുമ്പോൾ പുറത്ത് പോയി കളിക്കാൻ വീട്ടുകാർ പറയുന്ന നേരം ഷൈനിയും കൂട്ടരും നേരെ തീയേറ്ററിൽ ചെന്നായിരുന്നു അഭയം പ്രാപിച്ചിരുന്നത്.അച്ഛൻ രാജന്റെ ഉറ്റസുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള തീയേറ്ററായിരുന്നു ജിഷാർ തീയേറ്റർ.അത് കൊണ്ട് തന്നെ,ആരോടും അനുവാദം ചോദിക്കാതെ/ഏത് സമയത്തും തീയേറ്ററിനുള്ളിലേക്ക് കയറി ചെല്ലാനുള്ള സ്വാതന്ത്ര്യം ഷൈനിക്കുണ്ടായിരുന്നു..

ഇത്തരത്തിൽ സിനിമയെന്ന മാധ്യമത്തെ കണ്ടും കേട്ടും അറിഞ്ഞും വളർന്ന ബാല്യമായിരുന്നു ഷൈനിയുടേത്.പിന്നീട് പഠനത്തിനായി അച്ഛന്റെ നാടായ കാഞ്ഞിരപ്പള്ളിയിൽ പോകേണ്ടി വന്നപ്പോഴും സിനിമയോടുള്ള ഇഷ്ടം ഷൈനിയിൽ ലവലേശം കുറഞ്ഞില്ല..അച്ഛന്റെ വകയിലുള്ള ഒരു അമ്മായിയായിരുന്നു കാഞ്ഞിരപ്പള്ളിയിൽ ഷൈനിയുടെ സിനിമാപ്രേമത്തിന് കൂട്ട്..കാഞ്ഞിരപ്പള്ളി ബേബി തീയേറ്ററിൽ വരുന്ന സിനിമകൾ ഒന്നൊഴിയാതെ കണ്ട് തീർക്കുന്ന ശീലമുണ്ടായിരുന്നു ഷൈനിയുടെ അമ്മായിക്ക്..അമ്മായിക്കൊപ്പം ഇടക്കാലത്ത് ഷൈനിയും സിനിമക്കാഴ്ചകളിൽ പങ്കാളിയായി.ഇടയ്ക്ക് ഡിഗ്രി പഠനവുമായി ബന്ധപ്പെട്ട് തൃശൂരിലേക്ക് ഷൈനിയുടെ ജീവിതം പറിച്ചു നട്ടു,പിന്നെ എൽ.എൽ.ബി പഠനവുമായി ബന്ധപ്പെട്ട് കോഴിക്കോട്ടേക്കും..ഇങ്ങനെ കേരളത്തിലെ വിവിധ ജില്ലകളിലായിട്ടാണ് ഷൈനി തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്..കോഴിക്കോട് ലോ കോളേജിൽ LLBക്ക് ചേർന്നെങ്കിലും അമ്മ സാറാമ്മക്ക് ക്യാൻസർ മൂർച്ഛിച്ചതിനാൽ രണ്ട് വർഷം കൊണ്ട് അവിടത്തെ പഠനം അവസാനിപ്പിക്കേണ്ടതായി വന്നു 1997ൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സിനിമ കാണാൻ എത്തിയതാണ് ഷൈനിയുടെ ജീവിതത്തിലെ നിർണായക വഴിത്തിരിവ്.അവിടെ വച്ചാണ് സംവിധായകൻ ജയരാജിനെ പരിചയപ്പെടാനുള്ള അവസരം ഷൈനിക്ക് ഉണ്ടാകുന്നത്..

അക്കൊല്ലത്തെ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്ന ‘ദേശാടനം’ എന്ന തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് വന്നതായിരുന്നു ജയരാജ്..അവിടെ വച്ചാണ് ചുറുചുറുക്കും പ്രസരിപ്പുമുള്ള ഷൈനയെ ജയരാജ് കാണുന്നതും പരിചയപ്പെടുന്നതും.അഭിനയ മോഹം ഉണ്ടായിരുന്നെങ്കിൽ കൂടിയും ജയരാജിനെ കണ്ട മാത്രയിൽ ഷൈനി അദ്ദേഹത്തോട് ആവശ്യപ്പെട്ടത് ഒന്ന് മാത്രം “സാറിന്റെ സംവിധാനസഹായിയായി എന്നെയും കൂടെ കൂട്ടുമോ” എന്ന്.. സിനിമാപ്രേമികളായ സുഹൃത്തുക്കളുടെ സഹായത്തോടെ അതിനകം ഒരുപിടി ലോകസിനിമകൾ വിവിധ ചലച്ചിത്രോത്സവങ്ങളിൽ നിന്ന് കണ്ട ധൈര്യത്തിൽ നിന്ന് മാത്രം ജനിച്ചതായിരുന്നു ആ ചോദ്യം.ഷൈനിക്ക് സംവിധാനത്തോട് അത്രക്ക് മോഹമുണ്ടോ എന്നായിരുന്നു ജയരാജിന്റെ മറുചോദ്യം..ഉണ്ടെന്ന് മറുപടി പറഞ്ഞതും ശരി,അടുത്ത പടം വരട്ടെ ഞാൻ വിളിക്കാമെന്ന ജയരാജിന്റെ മറുപടി. അധികം നീണ്ടില്ല സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ‘കളിയാട്ടം’ എന്ന സിനിമ വഴി ഷൈന മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം കുറിച്ചു.ചിത്രത്തിൽ ഡബ്ബിങ് അസിസ്റ്റന്റ് ആയിട്ടായിരുന്നു ഷൈനിയുടെ രംഗപ്രവേശം.ഡബ്ബിങ് സ്റ്റുഡിയോയിൽ ഇരുന്ന് നടീനടന്മാർ ഡബ്ബ് ചെയ്യുമ്പോൾ അവർക്ക് സംഭവിക്കുന്ന പിഴവുകൾ തിരുത്തുക എന്നതായിരുന്നു ആ സിനിമയിൽ ഷൈനിയുടെ കർത്തവ്യം.

ജയരാജിന്റെ തന്നെ ‘സ്നേഹം’ എന്ന ജയറാം സിനിമയിലും ഷൈനി പിന്നീട് സഹകരിച്ചു..ഇടക്കാലത്ത് കല്യാണം കഴിഞ്ഞതോടെ സിനിമയിൽ നിന്ന് ഒരു താൽക്കലിക ഇടവേള എടുത്തു ഷൈനി.ശേഷം ഭർത്താവ് ജോൺ കോശിക്കൊപ്പം കുവൈറ്റിലായിരുന്നു ഷൈനി കുറച്ചു കാലം..അവിടെ മികച്ച ശമ്പളത്തോടെ HR എക്‌സ്ക്യുട്ടീവ് ജോലിയിൽ കയറിയെങ്കിലും മനസ്സ് മുഴുവൻ സിനിമയിൽ തന്നെ ആയിരുന്നു..അങ്ങനെ ജോലി ഉപേക്ഷിച്ച് വീണ്ടും കേരളത്തിലേക്ക്..ഇടക്ക് ഇന്ത്യാവിഷൻ ചാനലിൽ പ്രോഗ്രാം കോ ഓർഡിനേറ്റർ ആയി വീണ്ടും ജോലിക്ക് കയറി.സിനിമയുമായി ബന്ധമുള്ള ഒരുപാട് ആളുകളെ കാണാൻ സാധിക്കും എന്നതായിരുന്നു ആ ജോലി കൊണ്ടുള്ള ഏറ്റവും വലിയ മെച്ചം ഇതിനിടെ ആകസ്മികമായി വീണ്ടും സിനിമയിലേക്ക് തിരിച്ചു വന്നു 2011ൽ ജയരാജിന്റെ മമ്മൂട്ടി സിനിമ ദി ട്രെയിനിലൂടെ വെള്ളിത്തിരയിൽ സംവിധാനസഹായിയായി വീണ്ടും പ്രവേശിച്ചു. ട്രെയിൻ കൂടാതെ ജയരാജിന്റെ തന്നെ പകർന്നാട്ടം.. നായിക.. വീരം..പോലുള്ള സിനിമകളുടെ പിന്നണിയിലും ഷൈനി സജീവസാന്നിധ്യമായിരുന്നു.വീരം പോലുള്ള സിനിമകളിൽ അഭിനയിച്ച അന്യഭാഷ നടീനടന്മാർക്ക് ഡയലോഗ് പറഞ്ഞു കൊടുക്കുന്ന നിർണായകജോലി ജയരാജ് വിശ്വസിച്ചേൽപ്പിച്ചത് ഷൈനിയെ തന്നെ ആയിരുന്നു 2013 മെയ് മാസത്തിൽ പുറത്ത് വന്ന ‘ആസ്ക് : ആറ് സുന്ദരികളുടെ കഥ’ എന്ന മലയാള സിനിമയിലൂടെയാണ് ഷൈനി അഭിനേത്രിയെന്ന നിലയിൽ മലയാള സിനിമയിൽ അരങ്ങേറുന്നത്.

അന്നും ജയരാജിന്റെ സംവിധാന സഹായിയായി പ്രവർത്തിച്ചു വരികയായിരുന്നു ഷൈനി.ആ സിനിമയിൽ ഒരു ലേഡി സംവിധായികയെ ആവശ്യമായി വേണമെന്ന സംവിധായകൻ രാജേഷിന്റെ തീരുമാനമാണ് ആസ്ക് എന്ന സിനിമയിൽ ഷൈനി സഹകരിക്കാൻ നിമിത്തമായത്..ആ സിനിമയിൽ അഭിനയിച്ച..പരിചയക്കാരി കൂടിയായ നടി ലെന മുഖാന്തിരമായിരുന്നു ആസ്ക്കിലേക്കുള്ള ഷൈനിയുടെ അപ്രതീക്ഷിത എൻട്രി..ജയരാജിന്റെ അനുമതി വാങ്ങിച്ച ശേഷമാണ് ആ സിനിമയുടെ സെറ്റിലേക്ക് സംവിധാനസഹായിയായി ഷൈനി പോയത്..ഇടക്ക് ആ സിനിമയിൽ ഒരു സീനിൽ അഭിനയിക്കാൻ വരേണ്ടിയിരുന്ന നടിക്ക് ചില പ്രത്യേക കാരണങ്ങളാൽ അഭിനയിക്കാൻ സാധിക്കാതെ വരികയും അതിനെ തുടർന്ന് ആ സിനിമയിൽ സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്ന ഷൈനി ഒരു ചെറിയ റോളിൽ മുഖം കാണിക്കുകയുമായിരുന്നു.നടൻ നരേനെ അഭിമുഖം ചെയ്യുന്ന ഒരു ചെറിയ സീനിലായിരുന്നു ഷൈനി അഭിനയിച്ചത്.മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ മേലില രാജശേഖരനായിരുന്നു ആസ്ക് എന്ന ആ സിനിമയുടെ ചീഫ് അസോസോസിറ്റ് ഡയറക്ടർ.ഷൈനിയുടെ അഭിനയം കണ്ട് ഇഷ്ടപ്പെട്ട അദ്ദേഹമാണ് ഷൈനിയോട് അഭിനയം ഭാവിയിൽ തൊഴിലായി തിരഞ്ഞെടുത്തോളൂ എന്ന് പറഞ്ഞതും ഷൈനിക്ക് ആദ്യമായി ആത്മവിശ്വാസം നൽകിയതും പക്ഷേ നടിയെന്ന നിലയിൽ മലയാള സിനിമയിൽ ബ്രേക്ക് ത്രൂ കിട്ടാൻ പിന്നെയും സമയമെടുത്തു.മലയാളസിനിമയുടെ തലവര മാറ്റി മറിച്ച ‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയാണ് ഷൈനിയെന്ന അഭിനേത്രിയുടെയും ജാതകം തിരുത്തിക്കുറിച്ചത്.ചിത്രത്തിൽ അഭിനയിക്കാൻ നടിയെ ആവശ്യമുണ്ട് എന്ന് കാസ്റ്റിംഗ് കാൾ കണ്ടിട്ടാണ് ഷൈനി അപേക്ഷിക്കുന്നത്.

അന്ന് കാര്യമായി വർക്കുകൾ ഒന്നുമില്ലാതെ ഇരിക്കുകയായിരുന്നു ഷൈനി.ഏറെ താമസിയാതെ തന്നെ സിനിമയിലേക്ക് വിളി വന്നു..ഓഡീഷനിൽ അണിയറപ്രവർത്തകർ നൽകിയ രംഗം അഭിനയിച്ച് ഫലിപ്പിച്ചതോടെ ആ സിനിമയിലെ സുപ്രധാന വേഷങ്ങളിൽ ഒന്ന് ഷൈനിക്ക് ലഭിച്ചു..സിനിമയിലെ നായികനടിമാരിൽ ഒരാളായ അനുശ്രീയുടെ അമ്മ വേഷമാണ് ചിത്രത്തിൽ അഭിനയിക്കേണ്ടത് എന്ന് ഷൈനിയറിഞ്ഞത് വളരെ വൈകിയാണ്..ഷൈനിയും അനുശ്രീയും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു പിന്നീടിങ്ങോട്ട് നിരവധി വേഷങ്ങൾ പുറത്തിറങ്ങിയതും ഇറങ്ങാനുള്ളതുമായി ഏതാണ്ട് 60ൽ അധികം സിനിമകൾ ഷൈനി സാറ എന്ന അഭിനേത്രിയുടെ ക്രെഡിറ്റിൽ ഇപ്പോഴുണ്ട് സ്‌കൂളിൽ പഠിക്കുന്ന കാലത്ത് കലാരംഗത്ത് സജീവസാന്നിധ്യമായിരുന്നു ഷൈനി..അക്കാരണം കൊണ്ട് തന്നെ അഭിനയമോഹവുമുണ്ടായിരുന്നു.എന്നാൽ സംവിധാനസഹായിയായി ജയരാജിന്റെ കീഴിൽ പ്രവർത്തിക്കുന്ന കാലത്ത് ഒരിക്കൽ പോലും ഗുരുവിനോട് ഷൈനി ചാൻസ് ചോദിച്ചിട്ടില്ല..അസിസ്റ്റന്റായി പ്രവർത്തിക്കുന്ന കാലത്ത് ഷൈനിക്ക് സംവിധാനത്തോടൊപ്പം അഭിനയിക്കാൻ മോഹമുണ്ടെന്ന് ജയരാജൊട്ട് അറിഞ്ഞതുമില്ല മഹേഷിന്റെ പ്രതികാരത്തിൽ നല്ലൊരു വേഷത്തിൽ അഭിനയിച്ചതിന് ശേഷവും ജയരാജിനൊപ്പം ഷൈനി സഹകരിച്ചിട്ടുണ്ട്.കുനാൽ കപൂർ നായകനായ ‘വീരം’ എന്ന സിനിമയിലാണ് സംവിധാനസഹായിയായി ഷൈനി ജയരാജിനൊപ്പം അവസാനം പ്രവർത്തിച്ചത്.താൻ മഹേഷിന്റെ പ്രതികാരത്തിൽ അഭിനയിച്ചിട്ടുണ്ട് എന്ന ഷൈനി പറഞ്ഞതും ജയരാജിന് സത്യത്തിൽ അത്ഭുതമാണ് തോന്നിയത്.സംവിധാനസഹായിയാകാൻ വന്ന ശിഷ്യ അഭിനയത്തിലും ഒരു കൈ നോക്കിയതിന്റെ അത്ഭുതമായിരുന്നു അദ്ദേഹത്തിന്.

അടുത്ത ദിവസം തന്നെ സിനിമ കണ്ട ജയരാജ് ഷൈനിയുടെ അഭിനയത്തെക്കുറിച്ച് മികച്ച അഭിപ്രായം പറഞ്ഞത് ഇപ്പോഴും തന്റെ ഹൃദയത്തോട് ചേർത്തു വയ്ക്കുന്നു ഈ കലാകാരി..പിന്നീടും ജയരാജിന്റെ രണ്ട് സിനിമകളിൽ സഹകരിക്കാൻ ഷൈനിക്ക് അവസരം ലഭിച്ചു..ഭയാനകം,രൗദ്രം 2018 എന്നീ സിനിമകൾ ആയിരുന്നു അത്..പതിവിന് വിപരീതമായി സംവിധാന സഹായിയായിട്ടല്ല,മറിച്ച് അഭിനയിക്കാനാണ് ഈ രണ്ട് സിനിമകളിലും അദ്ദേഹം ഷൈനിയെ വിളിച്ചത് എന്ന പ്രത്യേകത കൂടിയുണ്ട് 2016ന് ഇപ്പുറം എത്രയോ സിനിമകളിൽ ഷൈനി ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു..യുവതാരസിനിമകളിലെ അമ്മവേഷങ്ങളിൽ ഒരിക്കലും ഒഴിവാക്കാനാകാത്ത സാന്നിദ്ധ്യം കൂടിയാണ് ഇപ്പോൾ ഈ നടി മഹേഷിന്റെ പ്രതികാരത്തിന് ശേഷം.. അനുരാഗകരിക്കിൻ വെള്ളത്തിലെ നായിക രജിഷയുടെ അമ്മ വേഷം.. മറുപടിയിലെ ജയിൽ വാർഡൻ.. മരുഭൂമിയിലെ ആനയിലെ കൃഷ്ണശങ്കറിന്റെ അമ്മ വേഷം.. പുള്ളിക്കാരൻ സ്റ്റാറായിലെ ടീച്ചർ.. സൺഡേ ഹോളിഡേയിലെ അമ്മ വേഷം.. ഞണ്ടുകളുടെ നാട്ടിലെ ഗീത.. നോൺ സെൻസിലെ തൂപ്പുകാരി.. തട്ടുംപുറത്ത് അച്യുതനിലെ കുടുംബശ്രീ ചേച്ചി.. കൂദാശയിലെ ഡോക്ടർ.. പ്രേമസൂത്രത്തിലെ ബാലു വർഗീസിന്റെ അമ്മവേഷം.. ജോണി ജോണി എസ് അപ്പായിലെ മദർ സുപ്പീരിയർ.. പൂഴിക്കടകനിലെ മേരി.. പടയോട്ടത്തിലെ സുരേഷ് കൃഷ്ണയുടെ ഭാര്യവേഷം.. തൊബാമയിലെ കോളേജ് ലക്ചറർ.. ഗാനഗന്ധ ർവനിലെ എലിസബത്ത്.. ജൂണിലെ അർജുൻ അശോകന്റെ അമ്മ വേഷം.. സത്യം പറഞ്ഞാൽ വിശ്വസിക്കുമോയിലെ ചായകടക്കാരി..

ഇക്കഴിഞ്ഞ വർഷം ഇറങ്ങിയ പ്രീസ്റ്റിലെ..ഓപ്പറേഷൻ ജാവായിലെ ശ്രദ്ധിക്കപ്പെട്ട മികച്ച വേഷങ്ങൾ പുറത്ത് ഇറങ്ങാൻ ഇരിക്കുന്ന നിരവധി സിനിമകളിലും മികച്ച വേഷങ്ങളുമായി പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ഒരുങ്ങുകയാണ് ഈ അഭിനേത്രി അഭിലാഷ് എസ്.കുമാറിന്റെ ശ്രീനാഥ് ഭാസി ചിത്രം ‘ചട്ടമ്പി’ വി.കെ.പ്രകാശിന്റെ സംവിധാനത്തിൽ നവ്യാ നായർ നായികയായി അഭിനയിക്കുന്ന ‘ഒരുത്തീ’ ഷൈൻ ടോം ചാക്കോയുടെ സഹോദരൻ ജോ ചാക്കോ ആദ്യമായി നായകനാകുന്ന ‘ചിരി’ ജോജു ജോർജ് നായകനാകുന്ന സൻഫീർ സിനിമ ‘പീസ്’ സുനിൽ മാധവിന്റെ ‘ആകാശവാതിൽ’ മനാഫ് മുഹമ്മദിന്റെ ‘നേർച്ചപ്പൂവൻ’ നടൻ ദിലീപിന്റെ സഹോദരൻ അനൂപ്‌ ആദ്യമായി സംവിധാനം ചെയ്യുന്ന അർജുൻ അശോകൻ സിനിമ ‘തട്ടാശ്ശേരിക്കൂട്ടം’ ദേവ് ദേവൻ സംവിധാനം ചെയ്യുന്ന ‘വാലാട്ടി’ ജിത്തു അഷ്‌റഫിന്റെ ‘ആരവം’ ഒരുപിടി സിനിമകൾ മലയാള സിനിമ മുഖവിലക്കെടുത്താൽ നല്ലൊരു അഭിനേത്രിയായി മാറാനുള്ള സകല സാധ്യതകളും ഈ അഭിനേത്രിക്ക് മുൻപിലുണ്ട്.സിനിമാഭിനയവുമായി തിരക്കിൽ നിന്ന് തിരക്കിലേക്ക് പോകുമ്പോഴും തന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്നൊരു സിനിമ അധികം വൈകാതെ സംഭവിക്കുന്ന ആ നല്ല നാളിലേക്കും ഈ നടി പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുന്നു നല്ല റോളുകളുമായി ഇൻഡസ്ട്രിയിൽ ഇനിയും സജീവസാന്നിദ്ധ്യമാകാൻ ഷൈനി സാറ എന്ന പ്രിയപ്പെട്ട അഭിനേത്രിക്ക്..അനുഗ്രഹീതയായ കലാകാരിക്ക് കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു..പ്രാർത്ഥിക്കുന്നു