തെന്നിന്ത്യയിലെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘പുഷ്പ’യുടെ നിര്‍മാതാക്കള്‍ മലയാളത്തിലേക്ക്. പുഷ്പയുടെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് ആണ് മലയാളത്തിലേക്ക് ചുവടുവയ്ക്കുന്നത്. തെലുങ്കിലെ ഹിറ്റ് കൂട്ടുകെട്ടാണ് മൈത്രി മൂവി മേക്കേഴ്‌സ്.

ഡോ. ബിജു സംവിധാനം ചെയ്യുന്ന അദൃശ്യജാലകങ്ങള്‍ എന്ന ചിത്രമാണ് ടീമിന്റെ ആദ്യ സംരംഭം. ടോവിനോ തോമസും നിമിഷ സജയനും ഇന്ദ്രന്‍സും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. ടോവിനോ തോമസ് പ്രൊഡക്ഷന്‍സ്, എല്ലാനാര്‍ ഫിലിംസ് പ്രൊഡക്ഷന്‍സ് എന്നിവരും ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളാകും.

യദു രാധാകൃഷ്ണന്‍ ആണ് ക്യാമറ. എഡിറ്റ് ചെയ്യുന്നത് ഡേവിസ് മാനുവല്‍. ചിത്രത്തിന്റെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറും ഡേവിസ് മാനുവല്‍ തന്നെയാണ്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടിട്ടുണ്ട്. ഒരു തീവണ്ടിയുടെ ജാലകത്തിലൂടെ കാണുന്ന പുറം കാഴ്ചകളാണ് പോസ്റ്ററിലുള്ളത്. പുകതുപ്പുന്ന ഫാക്ടറികളും വട്ടമിട്ട് പറക്കുന്ന ഹെലികോപ്റ്ററുകളും ചിത്രത്തില്‍ കാണാം.

‘ഒരു കുപ്രസിദ്ധ പയ്യന്’ ശേഷം ടോവിനോയും നിമിഷയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മഹേഷ് ബാബു നായകനായ ചിത്രം ശ്രീമന്തുഡു, മോഹന്‍ലാല്‍ ജൂനിയര്‍ എന്‍ ടി ആര്‍ ചിത്രം ജനത ഗാരേജ്, റാം ചരണ്‍ ചിത്രം രംഗസ്ഥലം, നാനി ചിത്രം ഗ്യാങ് ലീഡര്‍, അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ, മഹേഷ് ബാബു ചിത്രം സര്‍ക്കാര്‍ വാരി പാട്ട എന്നിവയൊക്കെ മൈത്രി മൂവി മേക്കേഴ്‌സ് ആണ് നിര്‍മിച്ചത്. പുഷ്പ 2 നിര്‍മിക്കുന്നതും മൈത്രി മൂവി മേക്കേഴ്‌സ് ആണ്.

ഈമാസം ടോവിനോയുടെ തല്ലുമാല, വാശി, ഡിയര്‍ ഫ്രണ്ട് എന്നീ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. ഒ.ടി.ടി റിലീസായെത്തുന്ന ഇന്നലെവരെ, രാജീവ് രവി ചിത്രം തുറമുഖം എന്നിവയാണ് നിമിഷയുടേതായി വരാനുള്ളത്.