സാദാരണ ഈശ്വരാനുള്ള സമർപ്പണം എന്ന രീതിയിൽ ആണ് ആരാധനാലയങ്ങളിൽ കാണിക്ക വഞ്ചികൾ സ്ഥാപിക്കാറുള്ളത് . ആ പണം ക്ഷേത്ര കാര്യങ്ങൾക്ക് വേണ്ടിയാകും ഉപയോഗിക്കാറുള്ളത് . എന്നാൽ കാണിക്കയായി ലഭിക്കുന്ന പണം മുഴുവൻ കാൻസർ ബാധിതർക്കായി നൽകാൻ മുന്നിട്ടിറങ്ങിയ ക്ഷേത്രമാണ് തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ കിഴുവിലം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രം . ക്ഷേത്ര കാര്യങ്ങൾക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും മുടക്കാതെ കൊണ്ട് പോകുകയാണ് ഇവർ . ക്ഷേത്രത്തിനോട് ചേർന്ന് സ്ഥാപിച്ചിരിക്കുന്ന കാണിക്ക വഞ്ചിയിലെ പണം ക്യാൻസർ രോഗികളിലേക്ക് എത്തിക്കുക എന്ന നല്ലൊരു പ്രവർത്തിയിൽ ഇവർ മാതൃകയായിരിക്കുകയാണ് .

ക്ഷേത്രത്തോട് ചേർന്ന് സ്ഥാപിച്ചിരിക്കുന്ന കാണിക്ക വഞ്ചിയിലേ പണം ക്യാൻസർ രോഗികൾക്കു നൽകുക എന്ന വലിയ തീരുമാനം ക്ഷേത്ര ട്രസ്റ് മുൻപേ തീരുമാനിച്ചെങ്കിലും ഇതറിഞ്ഞ ഒരു ഭക്തൻ കാണിക്ക വഞ്ചി സ്വന്തം ചെലവിൽ വെച്ച് നൽകുകയായിരുന്നു . ഇതിൽ നിന്ന് കിട്ടുന്ന വരുമാനവും ക്ഷേത്ര ട്രസ്റ്റിന്റെ വകയായി ഒരു വിഹിതവും ചേർത്താണ് ക്യാൻസർ രോഗികൾക്ക് നൽകുന്നത് . ഇതുവരെ ഏകദേശം 500 ലദികം പേർക്ക് ധനസഹായം കൈമാറിയിട്ടുണ്ട് .

ധനസഹായ വിതരണത്തിന് അതിരുകളൊന്നും ക്ഷേത്ര ട്രസ് നിശ്ചയിച്ചിട്ടില്ല. ധനസഹായത്തിന്റെ ഉപയോക്താക്കളെ കണ്ടെത്തുന്നത് പഞ്ചായത്തോ താലൂക്കോഅടിസ്ഥാനമാക്കിയുമല്ല. ജില്ലയിലെയും പുറത്തേയും പല താലൂക്കുകളിൽ നിന്നും അപേക്ഷകൾ ക്ഷേത്രത്തിൽ എത്താറുണ്ട് . ഇങ്ങനെയെത്തുന്ന അപേക്ഷകൾക്ക് തീർപ്പുണ്ടാക്കി സമയബന്ധിതമായി ധനസഹായം നൽകിയിട്ടുമുണ്ട് .ഇതിനായി ധനസഹായം ആവശ്യമുള്ള ക്യാൻസർ രോഗികളിൽ നിന്നും ആദ്യം അപേക്ഷ ക്ഷണിക്കും. ലഭിക്കുന്ന അപേക്ഷകളിന്മേൽ വിശദമായ പരിശോധന നടക്കും. അപേക്ഷ നൽകിയ രോഗികൾ ധന സഹായം ആവശ്യമുള്ളവരാണെന്ന് കണ്ടെത്തിയാൽ അവർക്ക് ക്ഷേത്രത്തിൽ നിന്നും നേരിട്ടു പോയി ധനസഹായം കൈമാറുകയാണ് ചെയ്യുന്നത്.ക്ഷേത്രത്തിന്റെ ഈ വ്യത്യസ്ത ആശയം ഭക്തജനങ്ങൾ ഹൃദയപൂർവ്വം ഏറ്റെടുക്കുകയായിരുന്നു.