2023ൽ മലയാള സിനിമയ്ക്കുണ്ടായ ഏറ്റവും വലിയ നഷ്ടമായിരുന്നു  നടൻ മാമുക്കോയയുടെ പെട്ടന്നുള്ള വേർപാട്. മലയാള സിനിമയില്‍ ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി നാല് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന മാമുക്കോയ  ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവം മൂലമാണ് മരിച്ചത്. അതേസമയം   മാമുക്കോയയുടെ സംസ്‌കാരച്ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കാത്തത് വലിയ വിവാദമായിരുന്നു. മാമുക്കോയയ്ക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന് സംവിധായകന്‍ വി.എം വിനു കുറ്റപ്പെടുത്തിയിരുന്നു. പല പ്രമുഖരും വരാതിരുന്നത് മാമുക്കോയയോടുള്ള അനാദരവാണെന്നും വി എം വിനു അന്ന്  പറഞ്ഞിരുന്നു. മരണം  എറണാകുളത്ത് സംഭവിച്ചാൽ  കൂടുതല്‍ സിനിമാക്കാര്‍ വരുമായിരുന്നെന്നും താന്‍ എറണാകുളത്ത് പോയി മരിക്കാന്‍ ശ്രമിക്കുമെന്നും വിനു പരിഹസിച്ചിരുന്നു.
മോഹൻലാൽ അടക്കമുള്ളവർക്ക് നേരെ വലിയ സൈബർ ആക്രമണമാണ് ഇതിന് പിന്നാലെ ഉണ്ടായത്. സമൂഹമാധ്യമങ്ങളിൽ വിഷയം വലിയ ചർച്ചയായപ്പോൾ മാമുക്കോയയുടെ കുടുംബം തന്നെ പ്രതികരിച്ച് എത്തിയിരുന്നു. മാമുക്കോയയുടെ സംസ്‌കാരച്ചടങ്ങില്‍ മുന്‍നിര താരങ്ങള്‍ പങ്കെടുക്കാത്തതില്‍ പരാതി ഇല്ലെന്നാണ് കുടുംബം പിന്നീട് പ്രതികരിച്ചത്. വിദേശത്തായിരുന്ന മമ്മൂട്ടിയും മോഹന്‍ലാലും വിളിച്ച് വരാന്‍ പറ്റാത്തതിന് പിന്നിലെ സാഹചര്യം അറിയിച്ചിരുന്നു എന്നും  എല്ലാവരുടെയും സാഹചര്യം മനസിലാക്കണമെന്നുമാണ്  മാമുക്കോയയുടെ മകന്‍ മുഹമ്മദ് നിസാര്‍ പറഞ്ഞത്.

മാമുക്കോയയുടെ വേർപാട് സംഭവിച്ച് ഒരു വർഷത്തോട് അടുക്കാൻ പോകുമ്പോൾ ഇപ്പോൾ  മാമുക്കോയയുടെ കുടുംബത്തെ കാണാൻ മോഹൻലാൽ എത്തിയിരിക്കുകയാണ്. ഒപ്പം സംവിധായകൻ സത്യൻ അന്തിക്കാടുമുണ്ട്. മോഹൻ‌ലാലിന്റെ ആരാധകരുടെ സോഷ്യൽമീഡിയ പേജിലാണ് മാമുക്കോയയുടെ കുടുംബത്തോടൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങൾ പ്രചരിക്കുന്നത്. മാമുക്കോയയുടെ കൊച്ചുമക്കൾക്കൊപ്പം സെൽഫിക്ക് പോസ് ചെയ്യുന്ന മോഹൻലാലിന്റെയും സത്യൻ അന്തിക്കാടിന്റെയും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന സിബി മലയിൽ ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് മാമുക്കോയ സിനിമ ജീവിതം ആരംഭിച്ചത്. ചിത്രത്തിൽ നായകൻ മോഹൻലാൽ ആയിരുന്നു. ഇരുവരും ചന്ദ്രലേഖ അടക്കം ഒട്ടനവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ‘നാട്യങ്ങളില്ലാത്ത നന്മയുടെ നിറകുടമായിരുന്നു പ്രിയപ്പെട്ട മാമുക്കോയ. മലബാർ ശൈലിയെ തനിമ ചോരാതെ തികച്ചും സ്വാഭാവികമായി ഈ അതുല്യപ്രതിഭ വെള്ളിത്തിരയിൽ അവതരിപ്പിച്ചു. ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന സിനിമ മുതൽ അടുത്തിടെ പ്രിയദർശൻ സംവിധാനം ചെയ്ത ഓളവും തീരവും വരെ എത്രയെത്ര ചിത്രങ്ങളിലാണ് ഒന്നിച്ചഭിനയിക്കാൻ എനിക്ക് ഭാഗ്യമുണ്ടായത്. ആ നിഷ്കളങ്കമായ ചിരി ഒരിക്കലും മായാതെ എന്നെന്നും മനസിൽ നിറഞ്ഞുനിൽക്കും’, എന്നാണ് മോഹൻലാൽ മാമുക്കോയയുടെ വേർപാട് അറിഞ്ഞപ്പോൾ സോഷ്യൽമീഡിയയിൽ കുറിച്ചത്.

കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി പിന്നീട് മരണം സംഭവിക്കുകയായിരുന്നു. കോഴിക്കോട് കണ്ണംപറമ്പ് കബര്‍സ്ഥാനിലായിരുന്നു മാമുക്കോയയുടെ കബറടക്കം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍, മുന്‍മന്ത്രി കെ ടി ജലീല്‍ അടക്കം നിരവധി പ്രമുഖര്‍ ചിരിയുടെ സുല്‍ത്താന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. വീട്ടില്‍ കുറേസമയം പൊതുദര്‍ശനത്തിന് വെക്കുകയും ചെയ്തിരുന്നു. രാത്രി വൈകിയും രാവിലെയും ആയിരക്കണക്കിന് ആളുകളാണ് പ്രിയതാരത്തിന് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. തുടര്‍ന്ന് വീടിന് സമീപത്തെ അരക്കിണര്‍ മുജാഹിദ് പള്ളിയില്‍ മയ്യത്ത് നമസ്‌കാരം നടത്തി. ഇതിനുശേഷമാണ് കബര്‍സ്ഥാനില്‍ മാമുക്കോയയെ കബറടക്കിയത് . മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യനടന്‍മാരില്‍ ഒരാളായ മാമുക്കോയ നാടകരംഗത്ത് നിന്നുമാണ് സിനിമയില്‍ എത്തിയത്. കോഴിക്കോടന്‍ ഭാഷയുടെ മനോഹരമായ ശൈലിയെ സിനിമയില്‍ ജനകീയമാക്കിയ നടന്‍ കൂടിയാണ് മാമുക്കോയ.
കുതിരവട്ടം പപ്പു അതിന് മുമ്പ് അവതരിപ്പിച്ചതില്‍ നിന്നും വ്യത്യസ്തമായ മുസ്ലീം സംഭാഷണശൈലിയാണ് മാമുക്കോയയുടെ സവിശേഷതയായിത്തീര്‍ന്നത്. വിദ്യാര്‍ഥിയായിരുന്ന കാലത്ത് തന്നെ നാടക പ്രവര്‍ത്തങ്ങളില്‍ സജീവമായിരുന്നു