മലയാളി സിനിമാപ്രേമികള്‍ ഏറ്റുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാവുന്ന ചിത്രം എന്നതാണ് ഈ പ്രീ റിലീസ് ഹൈപ്പിന് കാരണം. കാത്തിരിപ്പിനൊടുവില്‍ ഇന്നലെയാണ് ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തിയത്. ടീസറിനെക്കുറിച്ചും ഉയര്‍ന്ന ഹൈപ്പ് വലുതായിരുന്നതിനാല്‍ അത് പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്ന് അഭിപ്രായപ്പെട്ട ഒരു വിഭാഗം പ്രേക്ഷകര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒന്നും വെളിപ്പെടുത്താത്ത ടീസര്‍ നന്നായെന്ന് അഭിപ്രായപ്പെട്ടവരും ഉണ്ടായിരുന്നു. അത് എന്തായിരുന്നാലും ടീസറിലും ആദ്യ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് മലൈക്കോട്ടൈ വാലിബന്‍.24 മണിക്കൂര്‍ കൊണ്ട് ഏറ്റവുമധികം കാഴ്ചക്കാരെ നേടിയ മലയാള സിനിമാ ടീസര്‍ എന്ന റെക്കോര്‍ഡ് ആണ് മലൈക്കോട്ടൈ വാലിബന്‍ നേടിയിരിക്കുന്നത്

24 മണിക്കൂറിൽ 9.7 മില്യൺ കാഴ്ചകളാണ് ടീസറിന് ലഭിച്ചത്. നിലവില്‍ കാഴ്ചകളുടെ എണ്ണം 10 മില്യണും മറികടന്ന് യുട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതുമാണ് ടീസര്‍. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിംഗ് ഓഫ് കൊത്തയുടെ റെക്കോര്‍ഡ് ആണ് മലൈക്കോട്ടൈ വാലിബന്‍ തകര്‍ത്തത്. ഒന്നര മിനിട്ട് ദൈർഘ്യമുള്ള ടീസറിൽ മോഹൻലാലിന്റെ തമിഴ് ഡയലോഗുകളാണുള്ളത്. ടീസറിൽ നിലത്തിരിക്കുന്ന മോഹൻലാലിന്റെ കഥാപാത്രത്തിനെയാണ് കാണാനാവുന്നത്. മോഹൻലാലിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതൽ  വിവരങ്ങളൊന്നും ടീസറിൽ നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ ലിജോ ജോസ് പെല്ലിശ്ശേരി  എങ്ങനെയാണ് മോഹൻലാലിനെ ചിത്രത്തിൽ അവതരിപ്പിക്കുക എന്ന് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. എന്തായാലും   പൂർണമായും പ്രേക്ഷകന് തിയേറ്റർ എക്സ്പീരിയൻസ് നൽകുന്ന ചിത്രമായിരിക്കും മലൈക്കോട്ടൈ വാലിബൻ എന്നാണ് ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും നൽകുന്ന സൂചന. മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ തന്നെ പ്രധാന സിനിമയാവും മലൈക്കോട്ടൈ  വാലിബൻ എന്നാണ് പ്രേക്ഷകരും സിനിമ നിരൂപകരും കണക്കുക്കൂട്ടുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ എത്തിയിരുന്നു. യോദ്ധാവിന്റെ ലുക്കില്‍ കൈകളില്‍ വടവുമായി മുട്ടുകുത്തി അലറി വിളിക്കുന്ന രീതിയില്‍ ആയിരുന്നു ഫസ്റ്റ് ലുക്കില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടത്. മോഹൻലാലിന് പുറമെ   മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. 130 ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. രാജസ്ഥാനില്‍ മാത്രം  77 ദിവസമാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ഏപ്രില്‍ 5ന് ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം ലിജോ ജോസ് പെല്ലിശേരി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഒരുപാട് ബുദ്ധിമുട്ടുള്ള സീക്വന്‍സുകള്‍ വരെ സിനിമയില്‍ ഉണ്ടായിരുന്നു എന്ന് സംവിധായകന്‍ തുറന്നു പറയുകയും ചെയ്തിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്ക് ആണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്സ് സേവ്യറാണ്. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ആകുന്നത്. ജനുവരി 25ന് തന്നെ റിലീസ് ചെയ്യുന്ന ഹൃത്വിക് റോഷന്റെ ‘ഫൈറ്റര്‍’, പിറ്റേന്ന് ജനുവരി 26ന് തിയേറ്ററില്‍ എത്തുന്ന വിക്രത്തിന്റെ ‘തങ്കലാന്‍’ എന്നീ ചിത്രങ്ങളോടാണ് വാലിബന്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നത്