അറിവിന്റെ വെളിചം പകർന്നു   നൽകുന്നവരാണ് അധ്യാപകർ  . കുട്ടികളുടെ മനസ്സില്‍ അധ്യാപകര്‍ക്കുള്ള സ്ഥാനം വളരെ വലുതാണ്.ഓരോ അദ്ധ്യാപകരും ഓരോ പുസ്തകങ്ങളാണ്.. പഠനത്തിനപ്പുറം ജീവിതത്തിന്റെ മൂല്യങ്ങൾ കൂടി പകർന്നു നൽകാൻ നിയോഗിക്കപ്പെട്ട അറിവിന്റെ പുസ്തകം. പക്ഷെ എല്ലാ അധ്യാപകരും അങ്ങനെ ആയിക്കൊള്ളണമെന്നില്ല. പലർക്കും അധ്യാപനം എന്ന് പറയുന്നത് മറ്റേതൊരു തൊഴിനെ പോലെയും ഉള്ള ശമ്പളം കിട്ടുന്ന ഒരു തൊഴിലാണ്.  എന്നാൽ കുഞ്ഞുങ്ങളെ സ്വന്തം മക്കളെ പോലെ കാണുന്ന അധ്യാപകരും ഇന്നത്തെ കാലത്തുണ്ട്. അത്തരം അധ്യാപകരുടെ ഒരുപാട് വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ കണ്ടിട്ടുമുണ്ട് നമ്മൾ. അതൊക്കെയും നമ്മുടെ ഹൃദയത്തെയും തൊട്ടാണ് കടന്നു പോകുന്നത്. അത്തരമൊരു ദൃഷ്ട്യങ്ങളിലേക്ക് ആണ് നാം ഇനി പോകുന്നത്. അക്ഷര വെളിച്ചം പകര്‍ന്നു നല്‍കിയും സ്നേഹിച്ചും നേര്‍വഴി നടത്തുന്ന ഇത്തരം ഇത്തരം അധ്യാപകര്‍ക്ക് കുട്ടികളുടെ മനസ്സില്‍ എന്നും ഇടമുണ്ട്. അത്തരമൊരു സ്നേഹത്തിന്‍റെ മനസ്സു നിറയ്ക്കുന്ന ദൃശ്യം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പങ്കുവെച്ചു. മലപ്പുറത്ത് പെരിന്തല്‍മണ്ണയിലെ താഴേക്കോട് ജിഎംഎൽപിഎസിൽ നിന്നുള്ള കാഴ്ചയാണ് മന്ത്രി ഫേസ് ബുക്കില്‍ പങ്കുവെച്ചത്- “കുട്ടികൾ എത്ര നിഷ്കളങ്കമായാണ് സ്നേഹിക്കുന്നത്. സ്ഥലംമാറിപ്പോയ ടീച്ചർ സ്കൂളിൽ വീണ്ടുമെത്തിയപ്പോൾ അവരവരുടെ ക്‌ളാസുകളിലേയ്ക്ക് ടീച്ചറെ കൊണ്ടുപോകാൻ നിർബന്ധിക്കുന്ന കുട്ടികൾ” എന്ന കുറിപ്പോടെയാണ് മന്ത്രി ദൃശ്യം പങ്കുവെച്ചത്.

എന്‍ പി നിസ എന്ന അധ്യാപികയെയാണ് കുട്ടികള്‍ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ചത്. സംഭവത്തെ കുറിച്ച് നിസ ടീച്ചര്‍ പറഞ്ഞതിങ്ങനെ- “കുട്ടികളെ പോലെ നിഷ്കളങ്കരും സ്നേഹമുള്ളവരും വേറെ ആരുണ്ട്‌! കഴിഞ്ഞാഴ്ച ട്രാന്‍സ്ഫര്‍ ആയിപ്പോന്ന പഴേ സ്കൂളിലേക്ക് ഇന്ന് ലാസ്റ്റ് പേ സര്‍ട്ടിഫിക്കറ്റ് വാങ്ങാൻ പോയി. കുട്ടികൾ കരുതി ഞാൻ തിരിച്ചു വന്നു എന്ന്. കഴിഞ്ഞ വർഷത്തെ കുട്ടികൾ അവരുടെ ക്‌ളാസിലേക്കും ഈ വർഷത്തെ കുട്ടികൾ അവരുടെ ക്‌ളാസിലേക്കും വരാൻ പറഞ്ഞു പിടിവലിയായി. തോൽപ്പിച്ചു കളയുന്ന ചില സ്നേഹങ്ങൾ”.