യാത്രക്കാരൻ നടത്തിയ അപ്രതീക്ഷിത നീക്കത്തിൽ പരിഭ്രാന്തരായി ഇൻഡിഗോ വിമാനത്തിലെ യാത്രക്കാർ. വിമാന യാത്രക്കിടെ യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചതാണ് വെല്ലുവിളിയായത്. ദില്ലിയില്‍ നിന്നും ചെന്നൈയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.വിമാനം പറക്കുന്നതിനിടെയാണ്  എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ യാത്രക്കാരൻ  ശ്രമംനടത്തിയത് . ഇൻഡിഗോ വിമാനത്തിലാണ് സംഭവം. ബിശ്വജിത്ത് ദേബ്നാഥ് എന്ന യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ഇയാള്‍ ലഹരിമരുന്ന് ഉപയോഗിച്ചാണ് പരാക്രമം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി.ഗുവാഹത്തിയില്‍ നിന്നും അഗര്‍ത്തലയിലേക്കുള്ള യാത്രക്കിടെയാണ് യാത്രക്കാരെയാകെ പരിഭ്രാന്തരാക്കിയ സംഭവമുണ്ടായത്. 180 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.  6ഇ-457 എന്ന വിമാനം പറന്നുയര്‍ന്ന ശേഷം എമര്‍ജന്‍സി എക്സിറ്റിന് സമീപമിരുന്ന ബിശ്വജിത്ത് അസാധാരണമായി പെരുമാറാന്‍ തുടങ്ങി. ഇയാള്‍ എമര്‍ജന്‍സി എക്സിറ്റ് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ സമീപത്തിരുന്ന യാത്രക്കാരന്‍ തടയാന്‍ ശ്രമിച്ചു. എന്നാല്‍ ബിശ്വജിത്ത് എമര്‍ജന്‍സി എക്സിറ്റ് തുറക്കാനുള്ള ശ്രമം തുടര്‍ന്നുകൊണ്ടേയിരുന്നു. പിന്നാലെ വിമാനത്തിലെ ജീവനക്കാര്‍ ശ്രമിച്ചിട്ടും യുവാവിനെ തടയാനായില്ല. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. എല്ലാവരും കൂടി വലിച്ചിഴച്ചാണ് ഇയാളെ സീറ്റില്‍ ഇരുത്തിയത്. വിമാനം അഗര്‍ത്തലയില്‍ എത്തിയപ്പോള്‍ ബിശ്വജിത്തിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. 

സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം അനുസരിച്ച്, വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ യാത്രക്കാരനെ അധികൃതര്‍ക്ക് കൈമാറിയെന്ന് ഇന്‍ഡിഗോ പ്രസ്താവനയില്‍ അറിയിച്ചു. സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല. മറ്റ് യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ഇന്‍ഡിഗോ വ്യക്തമാക്കി.ഈ ബുധനാഴ്ചയും ഇന്‍ഡിഗോ വിമാനത്തില്‍ സമാന സംഭവമുണ്ടായി. ദില്ലിയില്‍ നിന്നും ചെന്നൈയിലേക്കുള്ള യാത്രക്കിടെയാണ് യാത്രക്കാരനില്‍ നിന്ന് അപ്രതീക്ഷിത നീക്കമുണ്ടായത്. മണികണ്ഠന്‍ എന്നയാളാണ് എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചത്. ഉടനെ വിമാനത്തിലെ ജീവനക്കാര്‍ ഇയാളെ തടഞ്ഞു. വിമാനം ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോൾ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്  ഉദ്യോഗസ്ഥർക്ക് ഇയാളെ കൈമാറി. യാത്രക്കാരന്‍ എന്തിനാണിങ്ങനെ ചെയ്തതെന്ന് വ്യക്തമല്ല.