ഗായിക ജോനിത ഗാന്ധിയെ എല്ലാവര്‍ക്കുമറിയാം. വൈറല്‍ ഗാനങ്ങള്‍ കൊണ്ട് പ്രശസ്തയാണ് അവര്‍. ഡോക്ടറിലെ ചെല്ലമ്മ ചെല്ലമ്മ എന്ന ഗാനം, വിജയ് ചത്രം  ബീസ്റ്റിലെ അറബി കുത്  തുടങ്ങിയ ഗാനങ്ങള്‍ ആഗോള തലത്തില്‍ തന്നെ ജോനിതയെ വൈറലാക്കിയിരുന്നു. ഇതിലൂടെ വൈറല്‍ ഗായികയെന്ന പേരും അവര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ നെഹ്‌റു കുടുംബവുമായി ജോനിതയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടോ? നെഹ്രു കുടുംബാംഗമായ ഗായിക ജോനിതാ ഗാന്ധിയുടെ പാട്ടാണെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മലയാളം പാട്ട് ഉള്‍പ്പെടെ വിവിധ ഭാഷാ ഗാനങ്ങള്‍ ആലപിക്കുന്ന ഗായികയുടെ അഭിമുഖത്തില്‍ നിന്നുള്ള വീഡിയോ ആണിത്.  പ്രിയങ്ക ഗാന്ധിയുടെയും, വദ്രയുടെയും മകള്‍ ജൊനിത ഗാന്ധിയുടെ മനോഹര ഗാനങ്ങള്‍ എന്ന അവകാശവാദത്തോടെയാണ് ഈ വീഡിയോ വൈറലായിരിക്കുന്നത്.പ്രിയങ്കയുടെ മകള്‍ വ്യത്യസ്ത ഇന്ത്യന്‍ ഭാഷകളിലുള്ള പാട്ടുകള്‍ പാടുന്നു എന്നൊരു പോസ്റ്റ് ഇംഗ്ലീഷിലും വൈറലായിട്ടുണ്ട്. പലരും ഇക്കാര്യത്തില്‍ സത്യാവസ്ഥ എന്തെന്നറിയാതെ നില്‍ക്കുകയാണ്. 45 സെക്കന്റ് ദൈര്‍ഘ്യമുള്ളതാണ് വൈറലായ വീഡിയോ. ബിഹൈന്‍ഡ്‌സ് വുഡ്‌സ എന്ന ഓൺലൈൻ മാധ്യമത്തിന്റെ  വീഡിയോയാണ് പോസ്റ്റില്‍ കാണുന്നത്. വീഡിയോയില്‍ ആദ്യം തന്നെ ജോനിത മലയാളം ഗാനമാണ് ആലപിക്കുന്നത്. മോഹന്‍ലാലും ജയപ്രദയും, അനുപം ഖേറും പ്രധാന കഥാപാത്രങ്ങളായി എത്തിയ പ്രണയം എന്ന സിനിമയിലെ, പാട്ടില്‍ ഈ പാട്ടില്‍ എന്ന ഗാനമാണ് ആലപിക്കുന്നത്. ഹിന്ദി, പഞ്ചാബി, തെലുങ്ക്, മറാഠി, തമിഴ്, തുടങ്ങിയ ഭാഷകളിലെ ഗാനവും അവര്‍ ആലപിക്കുന്നുണ്ട്. അതേസമയം ജൊനിതയ്ക്ക് ഗാന്ധി കുടുംബവുമായി യാതൊരു ബന്ധവുമില്ല. പ്രിയങ്ക ഗാന്ധിയുടെ മകളാണ് അവരെന്ന വാദം തീര്‍ത്തും തെറ്റാണ്.

ഇക്കാര്യം ഇന്റര്‍നെറ്റില്‍ വെറുതെ ഒന്ന്  തിരഞ്ഞാല്‍ തന്നെ കണ്ടെത്താം. ഇന്ത്യന്‍ വംശജയായ കനേഡിയന്‍ പിന്നണി ഗായികയാണ് ജോനിത. കാനഡയിലേക്ക് കുടിയേറിയ കുടുംബമാണ് ജോനിതയുടേത്. ന്യൂ ഡല്‍ഹിയിലാണ് ജോനിത ജനിച്ചതെങ്കിലും പഠിച്ചതും വളര്‍ന്നതുമെല്ലാം കാനഡയിലാണ്. 2013 മുതല്‍ ചലച്ചിത്ര പിന്നണി ഗാന രംഗത്ത് സജീവമായ ജോനിത രണ്ട് മലയാളം പാട്ടുകള്‍ ഉള്‍പ്പെടെ ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷാ സിനിമകളിലും ഗാനം ആലപിച്ചിട്ടുണ്ട്.  ചെന്നൈ എക്‌സ്പ്രസിലെ ടൈറ്റില്‍ ട്രാക്കിലൂടെയാണ് അവര്‍ ഇന്ത്യൻ  പിന്നണി ഗാന  രംഗത്തേക്ക് എത്തിയത്. ഹിന്ദി, തമിഴ്, പഞ്ചാബി, മലയാളം, തെലുങ്ക്, മറാത്തി, ഗുജറാത്തി, ബംഗാളി, കന്നഡ, ഭാഷകളിലും ഇവര്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
ഹിന്ദിയിലും, തമിഴിലും ഒരുപോലെ അവരുടെ ഗാനങ്ങള്‍ നേരത്തെ വൈറലായതാണ്. പിന്നണി ഗാനരംഗത്തെ മുഴുവന്‍ വിവരങ്ങളും അവരുടെ വെബ്സ്റ്റില്‍ ലഭ്യമാണ്.  ഗായകന്‍ കൂടിയായ ദീപക് ഗാന്ധി, സ്‌നേഹ ഗാന്ധി എന്നിവരാണ് ജൊനിതയുടെ മാതാപിതാക്കള്‍.അതേസമയം പ്രിയങ്ക ഗാന്ധിക്കും, റോബര്‍ട്ട് വദ്രയ്ക്കും രണ്ട് കുട്ടികളാണ് ഉള്ളത്. റെയ്ഹാന്‍ വദ്ര, മിരായ വദ്ര എന്നിങ്ങനെയാണ് അവരുടെ പേര്. ഇവരുടെ ചിത്രങ്ങള്‍ പ്രിയങ്ക ഗാന്ധി തന്നെ സോഷ്യല്‍ മീഡിയ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.ജോനിത എആര്‍ റഹ്‌മാനും, പ്രിതത്തിനും വേണ്ടി ഒരുപാട് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 2023 ഐപിഎല്ലിന്റെ സമാപന ചടങ്ങില്‍ ഉണ്ടായിരുന്ന  ജോനിതയുടെ സംഗീത പരിപാടി നേരത്തെ വൈറലായിരുന്നു.