കുടുംബചിത്ര പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് സത്യന്‍ അന്തിക്കാട്.
മലയാള സിനിമയിലേക്ക് നിരവധി പുതുമുഖ നായികമാരെ അവതരിപ്പിച്ചതും സത്യന്‍ അന്തിക്കാട്. തെന്നിന്ത്യയിലെ സൂപ്പര്‍നായിക നയന്‍താര, അസിന്‍, മീര ജാസ്മിന്‍, സംയുക്ത വര്‍മ തുടങ്ങി നായികമാരെല്ലാം സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ മലയാളത്തിലും തെന്നിന്ത്യയിലും പേരെടുത്തവരാണ്.

അതേസമയം,ലൊക്കേഷനില്‍ തന്നെ വെള്ളം കുടിപ്പിച്ച നായികമാരെ കുറിച്ച്
പറയുകയാണ് സത്യന്‍ അന്തിക്കാട്. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്റെ തുറന്നുപറച്ചില്‍.

ലൊക്കേഷനില്‍ ക്ഷമയുടെ നെല്ലിപ്പലക കാണിച്ച നായികമാര്‍ ഉണ്ടോയെന്ന ചോദ്യത്തിനായിരുന്നു സത്യന്‍ അന്തിക്കാട് മറുപടി പറഞ്ഞത്.

‘ ലൊക്കേഷനില്‍ ക്ഷമയുടെ നെല്ലിപ്പലക കണ്ട സംഭവങ്ങളുണ്ട്. ഉദാഹരണത്തിന് സംയുക്ത വര്‍മ. അവര്‍ ആദ്യമായി അഭിനയിക്കുന്നത് വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സിനിമയിലാണ്. സംയുക്ത ഒരു ആക്ടര്‍ ആകണമെന്ന് ആഗ്രഹിച്ചിട്ടില്ല. അവരുടെ കുടുംബവും ആഗ്രഹിച്ചിട്ടില്ല. ഞാന്‍ ഗൃഹലക്ഷ്മിയുടെ കവര്‍ പേജിലാണ് സംയുക്തയുടെ ഫോട്ടോ ആദ്യം കാണുന്നത്.

പി.വി ഗംഗാധരനായിരുന്നു പ്രൊഡ്യൂസര്‍. അദ്ദേഹത്തിന്റെ ഭാര്യ ഷെറിന്‍ ചേച്ചി എന്നോട് ചോദിച്ചു ഈ കുട്ടി നമ്മുടെ ക്യാരക്ടറിന് ചേരില്ലേ എന്ന്. ഞാന്‍ നോക്കിയപ്പോള്‍ വളരെ കറക്ടാണെന്ന് എനിക്കും തോന്നി. അങ്ങനെ ഞാന്‍ തേടിപ്പിടിച്ച് കൊണ്ടുവന്ന് അവരെ നിര്‍ബന്ധപൂര്‍വം അഭിനയിപ്പിക്കുകയായിരുന്നു.

അവര്‍ ഇതിന് മുന്‍പ് അഭിനയിച്ചിട്ടില്ല. അഭിനയിക്കാന്‍ ഇഷ്ടമുണ്ട്. അങ്ങനെ സീന്‍ ഷൂട്ട് ചെയ്യുകയാണ്. പുതിയ കുട്ടിയല്ലേ ചില സീന്‍ അവര്‍ക്ക് മനസിലാവില്ല. അന്ന് ഫിലിമാണ്. 400 അടി ഫിലിം കയറ്റിക്കഴിഞ്ഞാല്‍ ടേക്ക് വണ്‍, ടേക്ക് ടു, ടേക്ക് ത്രീ, ടേക്ക് ഫോര്‍, ടേക്ക് ഫൈവ് ഈ നാന്നൂറ് അടി കഴിഞ്ഞു.

അപ്പോള്‍ ഞാന്‍ പറയും അതേ ഇത് നല്ല വില കൊടുത്ത് വാങ്ങുന്നതാണെന്ന്. എന്നെ തന്നെ വെച്ച് അഭിനയിപ്പിക്കണമെന്ന് പ്രൊഡ്യൂസറോട് ഞാന്‍ പറഞ്ഞിട്ടില്ലല്ലോ എന്നായിരിക്കും സംയുക്തയുടെ മറുപടി. എനിക്കറിഞ്ഞൂടാ എന്ന് പറയും. അത്രയും ഇന്നസെന്റാണ് അവര്‍. ക്വാളിറ്റിയിലുള്ള നല്ലൊരു ആക്ടിങ് പുറത്തെടുക്കാനായിരുന്നു അന്ന് അത്രയും ചെയ്തത്. അതുകൊണ്ട് തന്നെ സംയുക്ത വര്‍മയ്ക്ക് ആ ചിത്രത്തിലൂടെ സംസ്ഥാന അവാര്‍ഡും ലഭിച്ചു, സത്യന്‍ അന്തിക്കാട് പറഞ്ഞു.

നയന്‍താരയെ കുറിച്ചും സത്യന്‍ അന്തിക്കാട് പറഞ്ഞു, ഇപ്പോഴും നയന്‍താര വിളിച്ച് അനുഗ്രഹം വാങ്ങാറുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോള്‍ അനുഗ്രഹം ചോദിച്ച് വിളിക്കാറില്ലെന്നും താന്‍ തന്നെ അത് നിര്‍ത്തിച്ചതാണെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

മാത്രമല്ല, വളരെ ജനുവിന്‍ ആയിട്ടുള്ള കുട്ടിയാണ് നയന്‍താര. ഒരു കളങ്കവും ഇല്ലാത്ത ഒരുപാട് നന്മയുള്ള കുട്ടിയാണ്. ഒരു ദിവസം എന്നെ വിളിച്ചിട്ട് പറഞ്ഞു, ഞാന്‍ സാറിനെ ലൈനില്‍ കിട്ടാത്തതുകൊണ്ട് മേക്കപ്പിട്ട് കാത്തിരിക്കുകയാണ്. അജിത്തിന്റേയോ മറ്റോ സിനിമയാണ്. ഞാന്‍ പറഞ്ഞു നയന്‍താരയ്ക്ക് ഒരു ജന്മത്തേക്കുള്ള അനുഗ്രഹം ഞാന്‍ ഡെപ്പോസിറ്റായി തന്നു കഴിഞ്ഞെന്നും എ.ടി.എം കാര്‍ഡ് വെച്ച് എടുക്കുന്നതുപോലെ എപ്പോള്‍ വേണമെങ്കിലും ഇനി എടുക്കാമെന്നും പറഞ്ഞു. അതുകൊണ്ട് ഇപ്പോള്‍ അനുഗ്രഹം ചോദിച്ച് വിളിക്കാറില്ല.

പക്ഷേ ഇടയ്ക്ക് വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്യാറുണ്ട്. ‘മകള്‍’ കാണാന്‍ കാത്തിരിക്കുകയാണെന്ന് പറഞ്ഞ് മെസ്സേജ് അയച്ചിരുന്നന്നും, സത്യന്‍ അന്തിക്കാട് പറഞ്ഞു.