ദൈനം ദിന ജീവിതത്തിലെ വളരെ ചെറിയ കാര്യങ്ങള്‍ പോലും  പലപ്പോഴും സാമൂഹിക മാധ്യമങ്ങളില്‍ ഒക്കെ  വൈറലാകാറുണ്ട്. പ്രതിദിനം പൊതു സമൂഹത്തിന്‍റെ കാഴ്ചയിലൂടെ കടന്ന് പോകുന്നതാണെങ്കിലും പലപ്പോഴും നമ്മുടെ കണ്ണിലുടക്കാത്ത കാഴ്ചകളാകും അവ, എന്നാല്‍ അത്തരം കാഴ്ചകള്‍ സാമൂഹിക മാധ്യമങ്ങളില്‍ കൂടി  പങ്കുവയ്ക്കപ്പെടുമ്പോള്‍ അത് നിരവധി പേരുടെ ശ്രദ്ധ ആകര്‍ഷിക്കുകായും ചെയ്യും. അത്തരമൊരു കാഴ്ച കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു. ട്രാഫിക് സിഗ്നലില്‍ കാത്ത് നില്‍ക്കുന്ന ഒരു ട്രക്കിന്‍റെ ഡ്രൈവര്‍ റോഡിന് മറുപുറത്തെ മദ്യക്കടയില്‍ നിന്നും ഒരു കുപ്പി വാങ്ങി അരയില്‍ തിരുകി ഓടി തന്‍റെ ട്രക്കിനടുത്തേക്ക് നീങ്ങുന്നതായിരുന്നു പ്രചരിക്കുന്ന ഈ വീഡിയോ ദൃശ്യങ്ങളിൽ ഉള്ളത്. വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി മാറുകയും ചെയ്‌തു. മദ്യം വാങ്ങി കടയില്‍ നിന്നും ഇറങ്ങുന്നത് വരെ ട്രക്ക് ഡ്രൈവര്‍ അല്പം പതുക്കെയായിരുന്നു വന്നത്. എന്നാല്‍, അദ്ദേഹം പിന്നടങ്ങോട്ട് ഒരു പ്രത്യേക താളത്തിലാണ് തന്‍റെ ട്രക്കിന് സമീപത്തേക്ക് അദ്ദേഹം ഓടിയെത്തിയത്. ഇതിനിടെ നിരവധി വാഹനങ്ങളെയും പോലീസുകാരെയും മറ്റ് യാത്രക്കാരെയും അദ്ദേഹം മറികടക്കുന്നതും ദൃശ്യങ്ങളിൽ കാണാൻ കഴിയും. അദ്ദേഹത്തെ സംബന്ധിച്ച്‌ ഇത്തരത്തില്‍ ട്രാഫിക് ബ്ലോക്കില്‍ കിടക്കുമ്പോള്‍ സാധനങ്ങള്‍ വാങ്ങി ഓടിപ്പോയി വണ്ടി എടുക്കുന്നത് വളരെ സാധാരണമായ ഒന്നാണെന്ന് കാഴ്ചക്കാരന് വ്യക്തമാകും. ട്രാഫിക് സിഗ്നലില്‍പ്പെട്ട് കിടക്കുന്നതിന്‍റെ യാതൊരു ആശങ്കയും അദ്ദേഹത്തിന്‍റെ മുഖത്തു കാണാനേ കഴിയുന്നില്ല. Mask എന്ന പേരിലുള്ള ഒരു എക്സ് ഉപയോക്താവാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. “ഇതാണ് ഞങ്ങള്‍ പറയുന്ന ടൈം മാനേജ്മെന്‍റ്” എന്ന കുറിപ്പോടെയായിരുന്നു ഈ  വീഡിയോ പങ്കുവച്ചത്. വീഡിയില്‍ ‘റൂള്‍ നമ്പര്‍ 5: ട്രാഫിക്കും സിഗ്നലുകളും അവഗണിക്കുക.. നിങ്ങളുടെ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.” എന്ന് എഴുതി ചേര്‍ത്തിരിക്കുന്നുണ്ട്.  ഇമേജിന്‍ ഡ്രാഗണ്‍സിന്‍റെ ‘ബോണ്‍സ്’ എന്ന മ്യൂസിക് വീഡിയോയിലെ പാട്ടാണ് വീഡിയോയ്ക്ക് ഒപ്പം ചേര്‍ത്തിരിക്കുന്നത്. ഈ വീഡിയോ ആയിരക്കണക്കിനാളുകളാണ് ഇതുവരെ  കണ്ടു കഴിഞ്ഞത്. ‘ഹെവി ഡ്രൈവര്‍’ എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍  കമന്റായി കുറിച്ചത്. നിരവധിപ്പേർ വളരേ വ്യത്യസ്തമായ കമെന്റുകൾ ഈ വീഡിയോയ്ക്ക് കീഴെ കുറിക്കുന്നുമുണ്ട്.