കൊയിലാണ്ടി: ഐസ്ക്രീം കഴിച്ച പന്ത്രണ്ടുകാരൻ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായി(12 )ആണ് കഴിഞ്ഞ ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞത്. കുട്ടിയുടെ പിതൃസഹോദരി താഹിറ (34)യെ പൊലീസ് അറസ്റ്റ് ചെയ്തു.


ഫാമിലി പാക്ക് ഐസ്ക്രീമിൽ വിഷം കലർത്തിയ ശേഷം താഹിറ ഇത് സഹോദരന്റെ വീട്ടിൽകൊടുക്കുകയായിരുന്നു. വീട്ടിൽ മാതാവും സഹോദരങ്ങളും ഇല്ലാത്തതിനാൽ കുട്ടി മാത്രമാണ് ഐസ്ക്രീം കഴിച്ചത്. ഇതെ തുടർന്ന് ഛർദിയുണ്ടായി.വീടിനു സമീപത്തെ മുത്താമ്പിയിലെ ക്ലിനിക്കിലും, മേപ്പയൂരിലും, ചികിത്സ തേടിയിരുന്നു. ഭേദമാകാത്തതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കോഴിക്കോട്മെഡിക്കൽ കോളേജിലേക്ക് റെഫർചെയ്യുകയായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടിയുടെ മരണത്തിന് പിന്നാലെ ആരോഗ്യ വകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ്, പൊലീസ്,ഫോറൻസിക് വിഭാഗം ചേർന്ന് അരിക്കുളത്തെ ഐസ് ക്രീം വിറ്റ കടയിൽ നിന്നും സാമ്പിൾ എടുത്ത് പരിശോധിച്ച ശേഷം കട അടപ്പിച്ചിരുന്നു.പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അമോണിയം ഫോസ്ഫറസിന്റെ അംശം കണ്ടെത്തി. തുടർന്ന് പൊലീസ് നിരവധി പേരിൽ നിന്നു മൊഴി എടുത്തിരുന്നു. തുടർന്നാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. ഇപ്പോൾ താഹിറ ഐസ്ക്രീൻ കടയിൽ നിന്നും ഐസ്ക്രീൻ വാങ്ങുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ ആണ് പുറത്തു വരുന്നത് .