ഇപ്പോൾ തീയറ്ററുകൾ കൈയടക്കി ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ് മമ്മൂട്ടി ചിത്രം ഭ്രമയുഗം, ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ചിത്രം ആഗോളതലത്തില്‍ ബോക്സ് ഓഫീസിൽ ആറ് കോടി രൂപയിലധികം നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് മാത്രം ഭ്രമയുഗം 3.5 കോടി രൂപ സ്വന്തമാക്കി.ഒരു മാസ്സ്  പടമോ, ഒരു സമ്പൂർണ എന്റർടെയ്‌നറോ അല്ലാതിരുന്നിട്ടും ചിത്രത്തിന് ഇത്രയധികം കളക്ഷൻ നേടാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഭ്രമയുഗം വ്യത്യസ്‍ത രീതിയിൽ വന്ന ഒരു പരീക്ഷണ  സിനിമയായിട്ടും ആഗോള ബോക്സ് ഓഫീസില്‍ ആറ് കോടി രൂപയില്‍ അധികം നേടിയത് ചിത്രത്തിന് ലഭിച്ച അംഗീകാരമായിട്ടാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.  ഇന്നലെ ബുക്ക് മൈ ഷോയില്‍ ചിത്രം റെക്കോര്‍ഡ് നേട്ടത്തിലെത്തി. ഒരു ലക്ഷത്തി മുപ്പത്തി മൂവായിരം ടിക്കറ്റുകളാണ് വിറ്റത് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ട ബുക്ക് മൈ ഷോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മുൻകൂറായും കേരളത്തില്‍ നിന്ന് ഒരു കോടി രൂപയിലധികം ഭ്രമയുഗം നേടിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

മമ്മൂട്ടിയുടെ കരിയറിലെ തന്നെ പകരം വെക്കാനില്ലാത്ത കഥാപാത്രം എന്നാണ് ആരാധകർ പറയുന്നത്. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ തുടങ്ങിയവരുടെ കഥാപാത്രങ്ങളെയും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്തത്. ബ്ലാക്ക് ആൻഡ് വൈറ്റിൽ ആണ് ചിത്രം കഥപറയുന്നത്.