ദിലീപ് ഓമനക്കുട്ടനായി തകര്‍ത്താടിയ സിനിമയാണ് മീനത്തില്‍ താലികെട്ട്.. ചിത്രത്തിലെ നായിക മാലുവായെത്തിയ സുലേഖയും ഒറ്റചിത്രത്തിലൂടെ പ്രേക്ഷകമനസിലിടം പിടിച്ചു. കുഞ്ചാക്കോബോബന്റെ നായികയായി ചന്ദാമാമ എന്ന ചിത്രത്തിലും സുലേഖ എത്തിയെങ്കിലും പിന്നീട് നടിയെ ഒറ്റ ചിത്രത്തില്‍ പോലും കണ്ടില്ല. ഇപ്പോഴിതാ, വിവാഹശേഷം സിംഗപ്പൂരില്‍ സ്ഥിരതാമസമാക്കിയ നടിയുടെ വിശേഷങ്ങളാണ് സിംഗപ്പൂരിലെ ഇന്ത്യന്‍ വിമന്‍സ് അസോസിയേഷന്റെ മാഗസിനിലൂടെ പുറത്ത് വന്നിരിക്കുന്നത്. അഭിമുഖത്തില്‍ എന്താണ് സിനിമ വിടാനുള്ള കാരണമെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്.

നടിയുടെ വാക്കുകള്‍ – സത്യത്തില്‍ സിനിമ ഉപേക്ഷിച്ച് പോയതല്ല, കുഞ്ചാക്കോ ബോബനോടൊപ്പമുള്ള ചന്ദാമാമയില്‍ അഭിനയിച്ച് കഴിഞ്ഞതും കേരളത്തില്‍ നിന്ന് തിരികെ മുംബൈയില്‍ എത്തി. പഠിച്ചു കൊണ്ടിരിക്കുന്ന സമയമായിരുന്നു അപ്പോള്‍. പഠനത്തിന് ശേഷം ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി ലഭിച്ചു. ശ്രമിച്ചു നോക്കൂ എന്ന് അച്ഛന്‍ പറഞ്ഞതോടെ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. അതിനിടയില്‍ വിവാഹം നടന്നു. തുടര്‍ന്ന് സിംഗപ്പൂരിലേക്ക് മാറി. മാസ് കമ്യൂണിക്കേഷനില്‍ മാസ്റ്റേഴ്‌സ് എടുത്തു. ഒരു മകള്‍ പിറന്നു. അങ്ങനെ ഓരോ തിരക്കുകളിലായി.
ആ സമയത്ത് എന്ത് ചെയ്യണമെന്ന് ഒരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല, എല്ലാം വിധിയായിരിക്കാം. മലയാളത്തില്‍ നിന്നും ഓഫര്‍ വന്നാല്‍ സ്വീകരിക്കും. ഇപ്പോഴും പുറത്തൊക്കെ പോകുമ്പോള്‍ തെന്നിന്ത്യന്‍ ആരാധകര്‍ ചിലരൊക്കെ തിരിച്ചറിയുന്നതില്‍ സന്തോഷമുണ്ട്.