കഴിഞ്ഞ ദിവസം ആയിരുന്നു നടൻ പ്രണവിന്റെ പിറന്നാൾ, പ്രണവിന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിൽ നിന്നും തനിക്കുണ്ടായ അനുഭവങ്ങൾ നിരത്തി ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് അൽഫോൻസ് പുത്രൻ, പ്രണവിൽ നിന്നും താൻ പലകാര്യങ്ങളും പഠിച്ചു എന്നാണ് അൽഫോൻസ് പുത്രൻ പറയുന്നത്.  നാളുകള്‍ക്ക് മുന്‍പ് പ്രണവ് തന്റെ ഓഫീസിലെത്തിയതും അവിടെയുണ്ടായിരുന്ന കമ്പി പൊട്ടിയ ഗിറ്റാര്‍ വായിച്ചതും ആ പ്രവൃത്തി തനിക്ക് പറഞ്ഞു തന്ന പാഠവുമെല്ലാം അല്‍ഫോണ്‍സ് പുത്രന്‍ കുറിപ്പില്‍ പറഞ്ഞു. പ്രണവിനെ പോലെ ഒരു മനുഷ്യനെ ഉരുവാക്കിയതിന് മോഹന്‍ലാലിനും സുചിത്രക്കും അല്‍ഫോണ്‍സ് സ്‌നേഹാശംസകള്‍ നേര്‍ന്നു. ‘എന്റെ ഓഫീസില്‍ ഒരു കമ്പി പൊട്ടിയ ഗിറ്റാറുണ്ടായിരുന്നു. അത് ഇനി ഉപയോഗിക്കാന്‍ പറ്റില്ലെന്ന് കരുതി ഞാനും മറ്റുള്ളവരും ആ ഗിറ്റാര്‍ ഒരു മൂലയ്ക്ക് വെച്ചിരിക്കുകയായിരുന്നു.

ആ സമയത്ത് ഒരു സിനിമയുമായി ബന്ധപ്പെട്ട് എനിക്ക് പ്രണവിനെ കാണണമെന്നുണ്ടായിരുന്നു. സിജു വില്‍സണോ കൃഷ്ണ ശങ്കറോ ആരോ ഒരാള്‍ പ്രണവിനെ വിളിച്ചു. അദ്ദേഹം വന്നു. ഞങ്ങള്‍ സംസാരിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ പ്രണവ് ആ പൊട്ടിയ ഗിറ്റാറെടുത്ത് വായിക്കാന്‍ തുടങ്ങി. അതിമനോഹരമായിട്ടായിരുന്നു പ്രണവ് വായിച്ചത്. ഒരു കമ്പിയില്ലാത്ത ഗിറ്റാറിനും സംഗീതം സൃഷ്ടിക്കാനാകുമെന്ന് പ്രണവ് എനിക്ക് പഠിപ്പിച്ചു തരികയായിരുന്നു. സൃഷ്ടാവാണ്, അല്ലാതെ ഉപകരണമല്ല സംഗീതം സൃഷ്ടിക്കുന്നതെന്ന് അന്ന് എനിക്ക് പ്രണവ് കാണിച്ചുതന്നു. ഇത്രയും മനോഹരനായ ഒരു മനുഷ്യനെ സൃഷ്ടിച്ചതിന് മോഹന്‍ലാല്‍ സാറിനും സുചിത്ര മേമിനും ഒരുപാട് നന്ദി,’ അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്ബുക്കിലെഴുതി.